കാസർകോട്: ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും (എംഎസിടി) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച (02/11/20) വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഹൈക്കോടതി ജഡ്ജി എ എം ശഫീക്ക് അധ്യക്ഷത വഹിച്ചു. നിയമ മന്ത്രി എ കെ ബാലന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍, ഹൈക്കോടതി ജഡ്ജിമാരായ എ എം ബദര്‍, അമിത് റാവല്‍ സംബന്ധിച്ചു.
സ്വതന്ത്രമായി എംഎസിടി ഇല്ലാത്ത സംസ്ഥാനത്തെ ഒരേയൊരു ജില്ലയായിരുന്നു ഇതുവരെ കാസര്‍കോട്. 2009 മുതല്‍ കോടതി സ്ഥാപിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയില്‍ ജില്ല ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയില്‍ എംഎസിടി സ്ഥാപിക്കുന്നത്.
അഡീഷണല്‍ ജില്ലാ ജഡ്ജ് (ഒന്ന്) ആര്‍ എല്‍ ബൈജുവിനാണ് ജഡ്ജിന്റെ താല്‍ക്കാലിക ചുമതല. ജില്ലാ ജഡ്ജിമാരുടെ പ്രൊമോഷന്‍ നടക്കുന്ന മുറക്ക് സ്ഥിരം ജഡ്ജ് നിയമനം ഉണ്ടാവും. എംഎസിടിയില്‍ ആദ്യദിനം അഞ്ച് കേസുകളാണ് പരിഗണിച്ചത്.




