പിതാവിന് നേരെ തോക്കുചൂണ്ടി പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന മകളും മറ്റൊരു യുവതിയും അറസ്റ്റില്‍

വളളികുന്നം: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ തോക്കുചൂണ്ടി ആക്രമിച്ച് മൂന്നരലക്ഷം രൂപയും എട്ടേകാല്‍ പവന്‍റെ സ്വര്‍ണ്ണവും കവര്‍ന്ന മകളും സഹായിയും അറസ്റ്റിലായി. വളളികുന്നം എം.ആര്‍ മുക്ക് ഗ്രീഷ്മത്തില്‍ മധുസൂദനന്‍ നായരെയാണ് മകളും സംഘവും ചേര്‍ന്ന് ആക്രമിച്ചത്. തിരുവനന്തപുരം ആരാമടം ഗൗരി ശങ്കരത്തില്‍ ഗോപിക (24), മേഘ (19) എന്നിവരാണ് അറസ്റ്റിലായത്.

ഈ സംഭവത്തില്‍ സഹായത്തിനെത്തിയ മറ്റ് മൂന്നുപേര്‍ ഒളിവിലാണ്. സ്വര്‍ണ്ണാഭരണവും പണവും ഒളിവിലുളളവരുടെ പക്കലാണ്. അവര്‍ക്കായി അന്വേഷണം തുടരുന്നതായി കേസന്വേഷിക്കുന്ന ആലപ്പുഴ വളളികുന്നം സിഐ ഡി. മിഥുന്‍ പറഞ്ഞു.

മധുസൂദനന്‍ നായരുടെ രണ്ടാമത്തെ ഭാര്യയിലുളള മകളാണ് മേഘ. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് അവരുടെ ബന്ധുവിനെയാണ് മധുസൂദനന്‍നായര്‍ രണ്ടാമത് വിവാഹം കഴിച്ചിരുന്നത്. ആദ്യഭാര്യയില്‍ കുട്ടികളില്ല. കുടുംബത്തിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രണ്ടാം ഭാര്യയുമായും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. മധുസൂദനന്‍നായര്‍ വളളികുന്നത്തും, ഭാര്യയും മകളും തിരുവനന്തപുരത്തുമാണ് താമസം. പ്രവാസിയായിരുന്ന മധുസൂദനന്‍നായര്‍ അടുത്തകാലത്ത് പുരയിടങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. ഈ പണം കയ്യിലുണ്ടെന്ന് മനസിലാക്കിയാണ് മകളും ബന്ധുക്കളും എത്തിയത്.

2020 സെപ്തംബര്‍ 30 ന് രാത്രി മേഘയും ഗോപികയും കൂടി മധുസൂദനന്‍ നായരെ കാണാനെത്തി. ഒക്ടോബര്‍ 1 ന് യുവതികളും ഇവരെ കൊണ്ടുപാകാന്‍ വന്ന സംഘവും ചേര്‍ന്ന് മധുസൂദനന്‍നായരെ ആക്രമിക്കുകയായിരുന്നു. മധുസൂദനന്‍ നായര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോപികയേയും മേഘയേയും തിരുവനന്തപുരത്തുനിന്ന് പോലീസ് പിടികൂടി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം