ഗോരഖ്പൂർ: റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ചുവപ്പും പച്ചയും നിറത്തിലുള്ള ടൈലുകൾ ഉപയോഗിച്ചതിനെതിരെ സമാജ്‌വാദി പാർട്ടി രംഗത്തുവന്നു. ചുവപ്പും പച്ചയും നിറത്തിലുള്ള തങ്ങളുടെ പാർട്ടി പതാകയെ അപമാനിക്കുന്നതിനുള്ള നീക്കമാണിതെന്നും അടിയന്തരമായി അവ നീക്കം ചെയ്യണമെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പാർട്ടിയുടെ ആവശ്യം.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ലളിത് നാരായൺ മിശ്ര റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൻ്റെ ചുവരിൽ പതിച്ച ടൈലുകളാണ് വിവാദത്തിലായത്.
“ഞങ്ങളുടെ പാർട്ടി പതാകയെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല. റെയിൽവേ ഭരണകൂടം ഇത് മാറ്റണമെന്നും അതിന്റെ പിന്നിലുള്ളവർക്കെതിരെ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. മൂന്ന് മാസം മുമ്പാണ് ടോയ്‌ലറ്റ് നിർമ്മിച്ചത്, എന്നാൽ ഇത് ഇപ്പോഴാണ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നത്” എസ്പി ജില്ലാ പ്രസിഡന്റ് രാം നാഗിന സാഹിനി പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും സാഹിനി പറഞ്ഞു.



