മെഡിക്കൽ വിദ്യാഭ്യാസ പരിഷ്കരണത്തിന് പുതിയ ചുവടുവെപ്പ്

ന്യൂഡല്‍ഹി:താങ്ങാനാവുന്ന ചെലവിൽ മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുക  എന്ന ലക്ഷ്യത്തോടെ,ദേശീയ മെഡിക്കൽ കമ്മീഷൻ, സുപ്രധാന നടപടിക്ക് തുടക്കം കുറിച്ചു. ‘വാർഷിക എംബിബിഎസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ  ആവശ്യകതകൾ, 2020’എന്ന പേരിലാണ് ഇത്തരത്തിലുള്ള കമ്മീഷന്റെ ആദ്യനിയന്ത്രണ ചട്ടം ഇന്ന് വിജ്ഞാപനം ചെയ്തത്. മെഡിക്കൽ കൗൺസിൽ  ഓഫ് ഇന്ത്യയുടെ നിലവിലുള്ള ‘മെഡിക്കൽ കോളേജുകൾക്കുള്ള ഏറ്റവും കുറഞ്ഞ മാതൃക ആവശ്യകതകൾ, 1999’ പുന സ്ഥാപിച്ചാണ് പുതിയ ചട്ടം കൊണ്ടുവന്നത്.

പുതുതായി സ്ഥാപിക്കാൻ പോകുന്ന മെഡിക്കൽ കോളേജുകൾക്കും, 2021-22 അക്കാദമിക വർഷത്തിൽ വാർഷിക എംബിബിഎസ് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്ന കോളജുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. നിലവിൽ ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ആധുനിക വിദ്യാഭ്യാസ, സാങ്കേതികവിദ്യ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും പുതിയ മാനദണ്ഡങ്ങൾ പ്രയോജനപ്രദമാകും.

പ്രധാന മാറ്റങ്ങൾ:

മെഡിക്കൽ കോളേജും അനുബന്ധ ആശുപത്രിയും സ്ഥാപിക്കുന്നതിന് വേണ്ട ഭൂമിയുടെ അളവ് ഒഴിവാക്കിയിട്ടുണ്ട് (എന്നാൽ നിലവിലെ കെട്ടിടനിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായിട്ടായിരിക്കണം കെട്ടിടങ്ങൾ നിർമ്മിക്കേണ്ടത്). സ്ഥാപനത്തിലെ വിദ്യാർത്ഥി കേന്ദ്രീകൃതമായ പ്രദേശങ്ങളിൽ, ഏറ്റവും കുറഞ്ഞ അളവിൽ വേണ്ട സ്ഥലത്തിന്റെ അളവ്, പ്രവർത്തന പ്രദേശത്തിന്റെ അളവ് എന്നിവ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ലഭ്യമായ അധ്യാപന സ്ഥലം പങ്കുവെക്കാനും ഇ – ലേണിങ്ങിനായി ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കാനും വിജ്ഞാപനംനിർദേശിക്കുന്നു.

വിദ്യാർത്ഥികളുടെ പരിശീലനത്തിനായി മികച്ച സജ്ജീകരണങ്ങളോടു കൂടിയ ഒരു ലബോറട്ടറി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. മെഡിക്കൽ അധ്യാപകർക്ക് ബോധന ശാസ്ത്രത്തിൽ പരിശീലനം നൽകുന്നതിന് ഒരു മെഡിക്കൽ വിദ്യാഭ്യാസ യൂണിറ്റിനെ പറ്റിയും പുതിയ ചട്ടത്തിൽ വ്യക്തമാക്കുന്നു.സ്ഥല ലഭ്യതയ്ക്കനുസരിച്ച് യുക്തിസഹമായി ലൈബ്രറിയുടെ വിസ്തീർണവും, പുസ്തകങ്ങൾ, ജേണലുകൾഎന്നിവയുടെ എണ്ണവും കുറയ്ക്കാവുന്നതാണ്. വിദ്യാർഥികൾക്കായി, കൗൺസിലിംഗ് കേന്ദ്രങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം.

മെഡിക്കൽ വിദ്യാഭ്യാസ പരിശീലനത്തിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയാണ് പ്രധാന ആവശ്യം എന്ന തിരിച്ചറിവിൽ, പുതിയ മെഡിക്കൽ കോളേജിനായി അപേക്ഷ സമർപ്പിക്കുന്ന സമയം തന്നെ, കുറഞ്ഞത് രണ്ടു വർഷമായി  പ്രവർത്തിക്കുന്ന 300 കിടക്കകളോട് കൂടിയ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി ഉണ്ടായിരിക്കണമെന്ന്പുതിയചട്ടം വ്യവസ്ഥചെയ്യുന്നു. മികച്ച പരിശീലനം നൽകുന്നതിന് അധ്യാപർക്ക് പുറമെ,വിസിറ്റിംഗ്ഫാക്കൽറ്റി സൗകര്യവും നിർദേശിക്കുന്നു.

ബിരുദതല മെഡിക്കൽ വിദ്യാർത്ഥികളുടെ പരിശീലനത്തിനായി, എമർജൻസി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ എന്നീ രണ്ട് പുതിയ ഡിപ്പാർട്ട്മെന്റ്കൾ എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും നിർബന്ധമായും ഉണ്ടായിരിക്കണം. ഏറ്റവും കുറഞ്ഞ ആവശ്യങ്ങൾക്കൊപ്പം, ‘അഭിലഷണീയ’മായ മാനദണ്ഡങ്ങളും പുതിയചട്ടം വ്യക്തമാക്കുന്നുണ്ട്. ഈ അഭിലഷണീയ  മാനദണ്ഡങ്ങൾ,മെഡിക്കൽ സ്ഥാപനങ്ങളുടെ റേറ്റിംഗ് നിശ്ചയിക്കുന്നതിനായി,  ദേശീയ മെഡിക്കൽ കമ്മീഷന് പ്രയോജനപ്പെടുത്തുന്നതാണ്.

Share
അഭിപ്രായം എഴുതാം