റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളഘടകം എതിർത്തില്ല, കോൺഗ്രസ്സുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാൻ സി പി എം ബംഗാൾ ഘടകത്തിന് പാർട്ടി കേന്ദ്ര കമ്മറ്റിയുടെ അനുമതി

October 31, 2020 - 4:01 pm

ന്യൂഡല്‍ഹി: വരുന്ന നിയമഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാൻ സി.പി.ഐ.എം ബംഗാള്‍ ഘടകത്തിന് കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ. മുൻപ് ഇതിനോട് വിയോജിച്ച കേരള ഘടകം ഇത്തവണ യാതൊരു എതിർപ്പും മുന്നോട്ടു വച്ചില്ല.

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയുണ്ടാക്കാമെന്നാണ് കേന്ദ്ര കമ്മിറ്റി അറിയിച്ചത്. അതേസമയം കോണ്‍ഗ്രസുമായി സി.പി.ഐ.എമ്മിന് തെരഞ്ഞെടുപ്പ് മുന്നണിയുണ്ടാകില്ല.

സംയുക്തപ്രചരണത്തിന്റെ വിഷയം പ്രാദേശികതലത്തില്‍ തീരുമാനിച്ചു നടപ്പാക്കാനും തടസ്സമുണ്ടാകില്ല. ബംഗാളിലെ സഖ്യത്തെ ബി.ജെ.പി വിരുദ്ധ മുന്നണിയായി ഉയര്‍ത്തിക്കാട്ടിയായിരിക്കും കോണ്‍ഗ്രസും സി.പി.ഐ.എമ്മും പ്രചരണത്തിനിറങ്ങുക. എന്നാല്‍ കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും ദേശീയ നേതാക്കള്‍ ഒരുമിച്ച് പ്രചരണത്തിനിറങ്ങാനുള്ള സാധ്യതകളില്ല.

കേന്ദ്ര കമ്മറ്റിയിൽ ഇത്തവണ കേരള നേതാക്കാൾ വിയോജിപ്പ് രേഖപ്പെടുത്താത്തതിൻ്റെ പ്രധാന കാരണം കേരളത്തിലെ സർക്കാരുമായും പാർടിയുമായും ബന്ധപ്പെട്ട സ്വർണക്കളളക്കടത്ത് അടക്കമുള്ള വിവാദങ്ങളാണ് എന്നതാണ് സൂചന. കേരളത്തിൽ സർക്കാരിനെതിരെയും പാർടി നേതാക്കൾക്കെതിരെയും ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളിൽ ബംഗാൾ ഘടകം ആശങ്കയറിയിച്ചിരുന്നു.

ബംഗാളിനു പുറമേ തമിഴ്‌നാട്ടിലും അസമിലും കോണ്‍ഗ്രസുമായി സഹകരിക്കാമെന്നാണ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് സി.പി.ഐ.എം. ബി.ജെ.പിയെ ചെറുക്കാനാണ് കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഡി.എം.കെ മുന്നണിയുമായി സി.പി.ഐ.എം നിലയുറപ്പിച്ചത്.

നേരത്തെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ബി.ജെ.പിക്കെതിരെ ജാനാധിപത്യ-മതേതര പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന അടവുനയം സി.പി.ഐ.എം സ്വീകരിച്ചിരുന്നു. ഇതു പ്രകാരമാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *