മോസ്കോ: റഷ്യയിലെ ഒരു 14 വയസ്സുകാരി തന്റെ നവജാത ശിശുവിനെ വീട്ടിലെ ഫ്രീസറിൽ വച്ചു. മണിക്കൂറുകളോളം ഫ്രീസറിൽ കിടന്ന കുഞ്ഞ് മരിച്ചു. ഗർഭധാരണത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ ഭയന്ന പെൺകുട്ടിയാണ് പ്രസവശേഷം കുഞ്ഞിനെ മരവിപ്പിച്ച് കൊന്നത്.
സൈബീരിയയിലെ നോവോസിബിർസ്ക് നഗരത്തിനടുത്തുള്ള വെർക്ക്-തുല ഗ്രാമത്തിലാണ് സംഭവം. സ്‌കൂൾ വിദ്യാർത്ഥിനിയായ കുട്ടി ഗർഭിണിയായ വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയം പെൺകുട്ടി രഹസ്യമായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. പിന്നീട്, നവജാതശിശുവിനെ ഒരു പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുകയും പിന്നീട് വീട്ടിലെ ഗ്യാരേജിലുണ്ടായിരുന്ന ഒരു ഫ്രീസറിൽ വയ്ക്കുകയും ചെയ്തു.
രക്തസ്രാവം കണ്ട കുട്ടിയുടെ അമ്മ അപ്പൻ്റിസൈറ്റിസ് ആണെന്ന് തെറ്റിദ്ധരിച്ച് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ആംബുലൻസിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരോടാണ് പെൺകുട്ടി സത്യാവസ്ഥ വെളിപ്പെടുത്തുന്നത്. പക്ഷേ അപ്പൊഴേക്കും കുട്ടി മരവിച്ച് മരിച്ചു പോയിരുന്നു.
ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അയൽക്കാരനായ ഒരു 16 കാരനാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.