തിരുവനന്തപുരം: പതിനാലാം വയസില്‍ അഭിനയിച്ച ബലാല്‍സംഗ രംഗത്തിലെ ചിത്രങ്ങള്‍ പരാതി നല്‍കി ആറു വര്‍ഷമായിട്ടും പോലീസ് പോണ്‍ സൈറ്റില്‍ നിന്ന നീക്കിയില്ലെന്ന് വ്യക്തമാക്കി നടിയും നിയമ വിദ്യാര്‍ത്ഥിനിയുമായ സോന. 2013-ല്‍ റിലീസായ ഫോര്‍ സെയില്‍ എന്ന സിനിമയിലെ രംഗങ്ങള്‍ 2014-ലാണ് വിവിധ പോണ്‍സൈറ്റുകളിലും യൂട്യൂബിലും പ്രചരിക്കാന്‍ തുടങ്ങിയത്. പ്രശ്‌നങ്ങളില്‍ അന്നത്തെ എ.ഡി.ജി.പിക്ക് ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍ എന്തോ മുന്‍വിധിയോട് കൂടിയാണ് പോലീസ് പെരുമാറിയത്. പിന്നീട് രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി. ആ പരാതി പിന്നീട് സൈബര്‍ സെല്ലിന് കൈമാറി. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. സിനിമയുടെ സംവിധായകന്‍, നിര്‍മാതാവ്, എഡിറ്റര്‍ എന്നിവര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍. തയ്യാറാക്കിയത്. ഈ രംഗങ്ങള്‍ സൈറ്റുകളിലോ യൂട്യൂബിലോ കാണാനില്ലെന്നായിരുന്നു അന്ന് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. പക്ഷേ, അപ്പോഴും സിനിമയിലെ രംഗങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോകള്‍ അപ് ലോഡ് ചെയ്തത് പാകിസ്താനിലെ ഐ.പി. അഡ്രസില്‍നിന്നാണെന്ന് മാത്രം പോലീസുകാര്‍ പറഞ്ഞിരുന്നു. പിന്നീട് കേസില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. അതിനാലാണ് രംഗങ്ങള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും സോന പറഞ്ഞു.
അതേസമയം, 2014ല്‍ തന്നെ പെണ്‍കുട്ടിയുടെ പരാതിയില്‍ യൂട്യൂബില്‍നിന്ന് സിനിമയിലെ രംഗങ്ങള്‍ നീക്കംചെയ്തിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം. മുളന്തുരുത്തി പോലീസില്‍ നല്‍കിയ പരാതി പിന്നീട് സൈബര്‍ സെല്‍ അന്വേഷിച്ചെന്നും യൂട്യൂബിലെ രംഗങ്ങള്‍ അന്ന് തന്നെ നീക്കംചെയ്തതാണെന്നും പോലീസ് പറഞ്ഞു. രംഗങ്ങള്‍ നീക്കംചെയ്‌തെന്ന് പരാതിക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു.രംഗങ്ങള്‍ നീക്കംചെയ്തതായി പോലീസിന് രേഖാമൂലം എഴുതിനല്‍കിയിട്ടില്ലെന്നും മൊഴി നല്‍കിയിട്ടില്ലെന്നുമാണ് സോന പറയുന്നത്.കഴിഞ്ഞദിവസത്തെ വാര്‍ത്തകളും ഫെയ്‌സ്ബുക്ക് ലൈവും ശ്രദ്ധയില്‍പ്പെട്ട് പോലീസ് ഹൈടെക്ക് സെല്ലില്‍നിന്ന് ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. അന്ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകളാണ് ഹൈടെക്ക് സെല്ലില്‍നിന്ന് ആവശ്യപ്പെട്ടതെന്നും സോന വ്യക്തമാക്കി.

