റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൂറുവര്‍ഷത്തെ കൊടിയ ഭക്ഷ്യക്ഷാമത്തിലേക്ക് ഉത്തര കൊറിയ നീങ്ങുന്നതായി റിപ്പോര്‍ട്ട്

October 16, 2020 - 7:45 pm

ന്യൂഡല്‍ഹി : നൂറുവര്‍ഷത്തെ കൊടിയ ഭക്ഷ്യക്ഷാമത്തിലേക്ക് ഉത്തര കൊറിയ നീങ്ങുന്നതായി റിപ്പോര്‍ട്ട്. 1990നുശേഷം രാജ്യം നേരിടുന്ന കടുത്ത ഭക്ഷ്യ പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്നാണ് വിവരം. കൊവിഡ്, ഇക്കൊല്ലമുണ്ടായ മൂന്ന് വിനാശകരമായ ചുഴലിക്കാറ്റുകള്‍, ആണവ മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ യുഎന്നും പാശ്ചാത്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം, പ്രളയവും വരള്‍ച്ചയുമെല്ലാം ക്ഷാമത്തിനു കാരണമായി. ഇവയെല്ലാം രാജ്യത്തെ 26 ദശലക്ഷം ആളുകളെ പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ നിന്നും ചുഴലിക്കാറ്റില്‍ നിന്നും കരകയറാനുള്ള തീവ്രമായ പോരാട്ടത്തിലാണ് രാജ്യം എന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറയുന്നു. വിളകള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഭരണാധികാരിയായ കിങ് ജോങ് ഉന്‍ പ്രധാന്യം നല്‍കി വരികയാണ്. കഴിഞ്ഞ വേനലില്‍ 441,000 ഹെക്ടറിലെ നെല്‍കൃഷിയില്‍ പകുതിയോളം വരള്‍ച്ചമൂലം നശിച്ചിരുന്നു. പുഴകളും തടാകങ്ങളും അപകടകരമായ നിലയില്‍ വറ്റിയതിനെ തുടര്‍ന്ന് പലയിടത്തും കര്‍ഷകര്‍ വിളമാറ്റി പരീക്ഷിക്കുകയായിരുന്നു. അന്ന് വറ്റിയ വെള്ളസംഭരണികളെല്ലാം ഇപ്പോള്‍ കരകവിഞ്ഞ് ഒഴുകുകയാണെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
14 ലക്ഷം ടണ്‍ ഭക്ഷ്യധാന്യത്തിലധികം ഈ വര്‍ഷം കുറവായിരിക്കുമെന്ന കണക്കുകൂട്ടലില്‍ കഴിഞ്ഞവര്‍ഷം ആളോഹരി റേഷന്‍ രാജ്യം പകുതിയാക്കിയിരുന്നു.

റേഷന്‍വിഹിതം പ്രതിദിനം 550 ഗ്രാമില്‍ നിന്ന് 300 ഗ്രാം ആയാണ് കുറച്ചത്. യുഎന്നിലെ ഉത്തരകൊറിയന്‍ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രധാന വാര്‍ഷിക വിളവെടുപ്പിന് തൊട്ടുമുമ്പ് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്ന് കൊടുങ്കാറ്റുകളാണ് രാജ്യത്ത് ആഞ്ഞടിച്ചത്. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ കണക്ക് പ്രകാരം ജനസംഖ്യയുടെ 40% പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. കൊറോണ വൈറസ് മൂലം ചൈനയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള ഭക്ഷ്യ ഇറക്കുമതി തടസ്സപ്പെട്ടതും കാര്യങ്ങള്‍ വഷളാക്കി.

”ആളുകള്‍ അവരുടെ സ്വത്തുക്കളും ഫര്‍ണിച്ചറുകളും വില്‍ക്കുന്നു, വായ്പയെടുക്കുന്നു, ഔഷധസസ്യങ്ങള്‍ കണ്ടെത്താനും ഭക്ഷണത്തിനുള്ള ഇലകള്‍ അടക്കം സംഭരിച്ച് ക്ഷാമത്തെ അതിജീവിക്കാനായി പര്‍വതങ്ങളിലും മറ്റും പോകുന്നു,” ഉത്തരകൊറിയന്‍ യുഎന്‍ മനുഷ്യാവകാശ സംഘം പൊതുസഭയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. യുഎന്‍ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് കുന്നുകളും പര്‍വതങ്ങളും കൂടുതലുള്ള ഉത്തരകൊറിയയുടെ 22% ഭൂമി മാത്രമാണ് വിളകള്‍ക്ക് അനുയോജ്യം. മഴയെ ആശ്രയിച്ചുള്ള കൃഷിയെയാണ് ഉത്തര കൊറിയ ആശ്രയിക്കുന്നത്, ഉയര്‍ന്ന നിലവാരമുള്ള കൃഷി ചെയ്യാവുന്ന ഭൂമിയുടെ കുറവ്, കാര്‍ഷിക മേഖലയുടെ കുറഞ്ഞ യന്ത്രവല്‍ക്കരണം, രാസവളങ്ങള്‍ പോലുള്ള കാര്‍ഷിക വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലെ വെല്ലുവിളികള്‍ എന്നിവയ്‌ക്കൊപ്പം കാലാവസ്ഥാ ആഘാതങ്ങളും കൂടി ചേര്‍ന്നാണ് രാജ്യം ഈ അവസ്ഥയിലെത്തിയതെന്ന് ലോക ഭക്ഷ്യ -കാര്‍ഷിക സംഘടനയുടെ ഏഷ്യ-പസഫിക്ക് വക്താവ് പറഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉത്തര കൊറിയയുടെ കാര്‍ഷിക ഉല്‍പാദനത്തില്‍ പുരോഗതി ഉണ്ട്. എന്നാല്‍ രാജ്യം ഇപ്പോഴും ആഗോള വിശപ്പ് സൂചിക പട്ടികയില്‍ താഴെയാണ്. ഇതിന് കാരണം വെള്ളപ്പൊക്കവും വരള്‍ച്ചയും ഉത്തരകൊറിയയെ പതിവായി ബാധിക്കുന്നതാണ്. ഇത് ഒരു ദശലക്ഷം ടണ്‍ ഭക്ഷണത്തിന്റെ വാര്‍ഷിക കമ്മിയിലേക്കാണ് രാജ്യത്തെ ഓരോ വര്‍ഷവും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിറ്റാണ്ടുകളുടെ വനനശീകരണം മൂലം ഉത്തര കൊറിയയുടെ കാലാവസ്ഥാ മോശമായതാണ് മറ്റൊരു കാരണം. 1970 മുതല്‍ ആളുകള്‍ കൃഷിക്കായി കുന്നിന്‍ പ്രദേശങ്ങളിലെ മരങ്ങള്‍ വെട്ടിമാറ്റാന്‍ തുടങ്ങിയതാണെന്ന് കൊറിയ എന്‍വയോണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് റിസര്‍ച്ച് ഫെലോ മയോംഗ് സൂജിയോംഗ് പറഞ്ഞു. എഫ്എഒയുടെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഏകദേശം 900,000 ഹെക്ടര്‍ വനം നഷ്ടപ്പെട്ടു.ഇത് ഉയര്‍ന്ന താപനിലയ്ക്കും മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നതിനും തടസം സൃഷ്ടിച്ചു. ഇതാണ് മറ്റൊരു കാരണമെന്ന് സിയോളിലെ ക്യുങ് ഹീ സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര പ്രൊഫസര്‍ കോംഗ് വൂ-സിയോക്ക് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *