ഒരു നായയുടെ ബാല്യകൗമാര യൗവ്വന വാർദ്ധക്യകാലയളവിനെ മനുഷ്യരുടേതുമായി താരതമ്യം ചെയ്ത് കണക്കാക്കുക അത്ര എളുപ്പമല്ല. ഗവേഷകരുടെ ഏറ്റവും ഒടുവിലത്തെ പഠനമനുസരിച്ച് നായയുടെ പ്രായത്തിന്റെ സാമാന്യ ലോഗരിതത്തെ 16 കൊണ്ട് പെരുക്കി 31 കൂട്ടിയാൽ മനുഷ്യൻറെ പ്രായത്തിനോട് താരതമ്യം ചെയ്തുള്ള പ്രായം ലഭിക്കും.
പ്രായമാകുന്തോറും മീതൈൽ ഗ്രൂപ്പ് എന്ന രാസഘടകം മൃഗങ്ങളുടെ ഡി എൻ ഐ യുമായി ചേരുകയും വിട്ടുപോവുകയും ചെയ്യും. ഈ വ്യതിയാനങ്ങളെ പിന്തുടർന്ന്, നിരീക്ഷിച്ച് അവയുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങൾ മനസ്സിലാക്കി അതിൻറെ ജൈവീക പ്രായം കണക്കാക്കാൻ സാധിക്കും. ഈ താരതമ്യപഠനം ഓരോ സ്പീഷീസിലും വ്യത്യസ്തമായിരിക്കും. ഒന്നു മുതൽ 103 വയസ്സ് വരെയുള്ള 320 മനുഷ്യരുടെ മീതൈലേഷനും 5 ആഴ്ച മുതൽ 16 വയസ്സുവരെയുള്ള 104 ലാബ്രഡോർ റിട്രീവറുടെ മീതൈലേഷനും താരതമ്യം ചെയ്ത് പഠനം നടത്തി.

ഇതനുസരിച്ച് മനുഷ്യരുടെയും നായയുടെയും ജീവിതഘട്ടങ്ങളുടെ കാലയളവുകൾ വ്യത്യസ്തമാണ്. ബാല്യകാലത്തിൽ നായ്ക്കുട്ടികളുടെ അനുഭവ പരിജ്ഞാനവും വളർച്ചയും മനുഷ്യരുടെതിനേക്കാളും വേഗത്തിലാണ്. പ്രായമാകുമ്പോൾ വേഗത കുറഞ്ഞ് സ്ഥിരത കൈവരിക്കുന്നു. ഉദാഹരണത്തിന് 8 ആഴ്ച പ്രായമുള്ള നായ കുട്ടിക്ക് ഒമ്പത് മാസം പ്രായമുള്ള മനുഷ്യ കുട്ടിയുടെ വളർച്ചയാണ് ഉള്ളത്. ഒരു വയസ്സായ നായ 31 വയസ്സുള്ള മനുഷ്യൻറെ വളർച്ച കൈവരിക്കുന്നു. നാലു വർഷം പ്രായമുള്ള നായ അമ്പത്തി മൂന്ന് വയസ്സുള്ള മനുഷ്യൻറെ സമാനമായ അനുഭവ പരിജ്ഞാനവും വളർച്ചയും ആർജിക്കുന്നു. അങ്ങനെ 12 വയസ്സാകുമ്പോഴേക്കും 70 വയസ്സ് പ്രായമുള്ള മനുഷ്യൻറെ വളർച്ചയാണ് ഉണ്ടാകുന്നത്.
ഈ താരതമ്യപഠനം ലാബ്രഡോർ റിട്രീവർ എന്ന നായയിൽ നടത്തിയതാണ്. ഇത് ഓരോ ഇനം നായകളിലും വ്യത്യസ്തമായിരിക്കും. ഓരോ ഇനം നായയുടെയും യഥാർത്ഥ പ്രായം കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു.
തയ്യാറാക്കിയത് : സുഭദ്ര വാര്യർ

