മുംബൈ: ഹിന്ദുത്വ വാദിയായ താങ്കൾ ഇത്ര വേഗം മതേതരവാദിയായോ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ചോദിച്ച ഗവർണർക്കെതിരെ പ്രതിഷേധം ശക്തമായി. കെവിഡ് നിയന്ത്രണങ്ങൾക്കിടെ ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്തിലാണ് ഗവർണർ പരിഹാസരൂപേണ ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചത്. ലോക്ക്ഡൗണിനെ തുറന്ന് അടച്ച ആരാധാനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്.
‘ ഹിന്ദുക്കള്‍ നിങ്ങളുടെ ശക്തമായ വോട്ടുബാങ്കാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോധ്യ സന്ദര്‍ശിച്ചുകൊണ്ട് നിങ്ങള്‍ ശ്രീരാമനോടുള്ള ഭക്തി പരസ്യമായി പ്രകടിപ്പിച്ചു. നിങ്ങള്‍ പാണ്ഡാര്‍പുരിലെ വിത്തല്‍ രുക്മിണി മന്ദിര്‍ സന്ദര്‍ശിക്കുകയും പൂജകളില്‍ പങ്കാളികളാകുകയും ചെയ്തു.ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ദൈവികമായ മുന്നറിയിപ്പ് ലഭിച്ചോയെന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് സെക്യുലര്‍ ആയോ?” – മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറുടെ നിലപാടിനെതിരെ പരാതിയുമായി ഉദ്ദവ് താക്കറെ രംഗത്തെത്തി. സത്യപ്രതിജ്ഞാ വാചകവും ഭരണഘടനയിലെ മതേതരം എന്ന വാക്കും ഓര്‍മ്മിപ്പിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. ഹിന്ദുത്വത്തെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ടെന്നും ഇക്കാര്യത്തില്‍ തനിക്ക് കോശിയാരിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താക്കറെ തുറന്നടിച്ചു. എന്‍സിപി നേതാവ് ശരദ്പവാറും ഗവര്‍ണറുടെ കത്തിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഭരണഘടനാപദവിയിലിരിക്കുന്ന ഗവര്‍ണറുടെ ഭാഷ ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് കാണിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ക്ഷേത്രങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും നേർക്കു നേർ ഏറ്റുമുട്ടിയത്.
കോവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് താക്കറെ 11/10/20 ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയിരുന്നു. ജനങ്ങളോടുളള സ്‌നേഹവും കരുതലും കണക്കിലെടുത്തുകൊണ്ടുളള തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ കാലത്ത് വലിയ ആള്‍ക്കൂട്ടങ്ങള്‍ സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിച്ചേക്കാം എന്ന ആശങ്കയാണ് ആരാധനാലയങ്ങള്‍ അടച്ചിടുന്നത് തുടരാനുളള തീരുമാനത്തിന് കാരണം. ‘നവരാത്രി, ദീപാവലി, മറ്റ് ഉത്സവങ്ങള്‍ എന്നിവ വരാന്‍ പോവുകയാണ്. ഐശ്വര്യത്തിനും നല്ല ആരോഗ്യത്തിനും വേണ്ടിയായിരിക്കണം നാം നമ്മുടെ വാതിലുകള്‍ പതുക്കെ തുറക്കേണ്ടത്, ഒരിക്കലും അത് കൊറോണ വൈറസിന് വേണ്ടിയാകരുത്.’ താക്കറെ അഭിപ്രായപ്പെട്ടിരുന്നു
കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗണേശോത്സവം കണ്ണുതുറപ്പിക്കുന്നതാണെന്നും ആള്‍ക്കൂട്ടം കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നും അങ്ങനെ വന്നാല്‍ നിയന്ത്രിക്കുക എളുപ്പമാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ദൗര്‍ഭാഗ്യകരമെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്.



