കെ.എം.എം.എൽ. ഓക്‌സിജൻ പ്ലാന്റ് വ്യവസായ – മെഡിക്കൽ രംഗത്ത് ഏറെ ഗുണകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ പുതിയ 70 ടി.പി.ഡി. ഓക്‌സിജൻ പ്ലാൻറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ.എം.എം.എല്ലിലെ പുതിയ ഓക്‌സിജൻ പ്ലാൻറ് വ്യവസായ രംഗത്ത് മാത്രമല്ല മെഡിക്കൽ രംഗത്തും ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനികവത്കരണവും വൈവിധ്യവത്കരണവും വഴി സ്ഥാപനത്തിന്റെ ലാഭം വർധിപ്പിക്കാനായതായും അദ്ദേഹം പറഞ്ഞു. വ്യവസായരംഗത്ത് മാത്രമല്ല, മെഡിക്കൽ രംഗത്തും ഓക്‌സിജൻ ഏറെ ആവശ്യമുള്ള ഘട്ടമാണിത്. അത്തരം ഘട്ടത്തിൽ വ്യവസായരംഗത്തെ തലയെടുപ്പുള്ള കെ.എം.എം.എല്ലിൽ പുതിയ ഓക്‌സിജൻ പ്ലാൻറ് വരുന്നത്.

കെ.എം.എം.എല്ലിന്റെ വലിയൊരു ചുവടുവെപ്പാണിത്. ഈ സ്ഥാപനത്തിലെ ടൈറ്റാനിയം ഡയോക്‌സൈഡ് ഉത്പാദനത്തിന് ഓക്‌സിജൻ അത്യാവശ്യഘടകമാണ്. ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്‌മെൻറ് യൂണിറ്റിന്റെ ശേഷി ഇന്ന് 36,000 ടണ്ണോളമാണ്. അതുകൊണ്ടുതന്നെ 63 ടൺ ഓക്‌സിജൻ ആവശ്യമായി വന്നു. ആവശ്യമായ ഓക്‌സിജന്റെ അളവ് കൂടിയതിനാലും 1984ൽ സ്ഥാപിച്ച ഓക്‌സിജൻ പ്ലാൻറിന്റെ കാര്യക്ഷമത കുറഞ്ഞതിനാലും പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. അതു പരിഹരിക്കാൻ പുറത്തുനിന്ന് ഓക്‌സിജൻ വാങ്ങേണ്ട സാഹചര്യമാണുണ്ടായത്. പ്രതിവർഷം 12 കോടിയോളം ഇതിനായി ചെലവഴിക്കുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് പുതിയ ഓക്‌സിജൻ പ്ലാൻറ് സ്ഥാപിക്കാൻ 2017ൽ സർക്കാർ അനുമതി നൽകിയത്. 50 കോടി രൂപ ചെലവിൽ 70 ടണ്ണിന്റെ ഓക്‌സിജൻ പ്ലാൻറും അനുബന്ധ പ്രവർത്തനങ്ങളും നിശ്ചിത സമയത്തുതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണ്. ഇതോടെ ഓക്‌സിജന്റെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കെ.എം.എം.എല്ലിന് കഴിയും. അതോടൊപ്പം ക്ഷമത കൂടിയ പ്ലാൻറ് പ്രവർത്തിക്കുന്നതോടെ വൈദ്യുതി ഉപഭോഗത്തിലും വലിയ കുറവുണ്ടാകും.

വ്യവസായ ആവശ്യമായതിന് വേണ്ടിവരുന്നതിലും കൂടുതലായി ഏഴുടണ്ണോളം ദ്രവീകൃത ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി പുതിയ പ്ലാൻറിനുണ്ട്. ഇതു ആരോഗ്യ മേഖലയ്ക്കുകൂടി പ്രയോജനപ്പെടുത്താനാകും. ഇക്കാര്യം ഡ്രഗ്സ്സ്  കൺട്രോളർ സർട്ടിഫൈ ചെയ്തിട്ടുമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യമേഖലയ്ക്ക് ഓക്‌സിജൻ ഒഴിച്ചുകൂടാത്തതാണ്. അതിനുള്ള കാര്യക്ഷമമായ ബദലായി ഇവിടുത്തെ പ്ലാൻറ് ഉപയോഗപ്പെടുത്താനാകണം. വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജനൊപ്പം തന്നെ മെഡിക്കൽ ഓക്‌സിജനും ഇതിന്റെ ഭാഗമായി ലഭ്യമാക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിന് ഗുണകരമാകും.

ഇതിനുപുറമേ, സ്ഥാപനത്തിൽ 35 കോടിയുടെ നവീകരണ പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. നവീകരണപ്രവർത്തനങ്ങളും അസംസ്‌കൃത വസ്തുക്കളുടെ സുലഭമായ ലഭ്യതയും കെ.എം.എം.എല്ലിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും.

കഴിഞ്ഞ നാലുവർഷത്തിനിടെ വ്യവസായരംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ സൂചികയാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ പുരോഗതി. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലായിരുന്നു. അക്കാര്യത്തിൽ വലിയ മാറ്റമുണ്ടാക്കി പുരോഗതി ആർജിക്കാൻ പൊതുമേഖലയ്ക്കായി. കഴിഞ്ഞ നാലുവർഷം കെ.എം.എം.എൽ. കൈവരിച്ച നേട്ടങ്ങൾ അതിനു തെളിവാണ്.

2015-16ൽ മൂന്നുകോടി രൂപയായിരുന്നു ലാഭം. 2017-18ൽ അത് 151 കോടിയുടെ റിക്കാർഡ് ലാഭം നേടാനായി. 2018-19ൽ 163 കോടി ലാഭമുണ്ടാക്കി. കടുത്ത പ്രതിസന്ധികൾക്കിടയിലും 2019-20ൽ 42 കോടി ലാഭമുണ്ടായി. കോവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ ആറുമാസത്തിനിടെ 17 കോടി രൂപയാണ് ലാഭം.

രാസ വ്യവസായത്തിൽ കേരളത്തിന് അനന്തമായ സാധ്യതയാണുള്ളത്. അതു തിരിച്ചറിഞ്ഞ് ഈ മേഖലയിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ വിപുലമായ നവീകരണമാണ് നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ നവീകരണം, നിലവിലെ പ്ലാൻറുകൾ കാര്യക്ഷമമാക്കൽ, കാലാനുസൃതമായ വൈവിധ്യവത്കരണം, ഇന്ധന കാര്യക്ഷമത ഉറപ്പാക്കൽ തുടങ്ങി ബഹുമുഖ നവീകരണ പദ്ധതികളാണ് കെ.എം.എം.എല്ലിലുള്ളത്. കഴിഞ്ഞനാലു വർഷത്തെ ആധുനികവത്കരണവും ഇന്ധനം എൽ.എൻ.ജിയിലേക്ക് മാറ്റിയതും സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത കൂട്ടി. ഈ സർക്കാർ വന്നശേഷം 10 കോടി മുടക്കി മിനറൽ സെപ്പറേഷൻ യൂണിറ്റ് യാഥാർഥ്യമാക്കി. അതോടെ ധാതുമണലിനെ കൂടുതൽ മേൻമയുള്ള ഉത്പന്നങ്ങളാക്കാനായി. ഉത്പന്ന വൈവിധ്യവത്കരണവും സാധ്യമാക്കിയതും ലാഭം വർധിപ്പിക്കാൻ സഹായിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചടങ്ങിൽ വ്യവസായ മന്ത്രി ഇ. പി. ജയരാജൻ അധ്യക്ഷത വഹിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8473/KMML-Oxygen-plant.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →