ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തിനിടെ 972 പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സ്ട്രാന്‍ഡേഡ് ആക്ഷന്‍ നെറ്റ് വര്‍ക്കെന്ന സംഘടന. ജൂലൈ മാസം നാലാം തിയ്യതി വരെ മരിച്ചവരുടെ കണക്കാണ് സംഘടന പുറത്ത് വിട്ടിരിക്കുന്നത്. പട്ടിണി മൂലം 216 പേരും,റോഡ്, റെയില്‍ അപകടങ്ങളില്‍ 209 പേരും, 133 പേര്‍ ആത്മഹത്യ വഴിയും 96 പേര്‍ ശ്രാമിക് തീവണ്ടികളിലുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.. 76 പേര്‍ ചികിത്സ കിട്ടാതെയും 49 പേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും മരിച്ചപ്പോള്‍ 30 എണ്ണം പൊലീസ് അതിക്രമം മൂലമായിരുന്നു. മുപ്പത് പേര്‍ മദ്യം ഉപയോഗിക്കാന്‍ കഴിയാതെയും മരിച്ചു. 65 മരണങ്ങളുടെ കാരണം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
അതേസമയം, 972 പേരെന്നത് മരിച്ചവരുടെ കണക്കാണെന്നും മരണത്തിന്റെ കാരണം അടക്കമുള്ള വിവരങ്ങള്‍ ഇല്ല എന്നു പറഞ്ഞ് ഈ മരണങ്ങളെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. ദരിദ്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. അതു കൊണ്ടു തന്നെ അവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്നും സ്ട്രാന്‍ഡേഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് സംഘടനാ അംഗം അനിന്ദിത അധികാരി പറഞ്ഞു.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപയെങ്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ലോക്സഭയില്‍ അടൂര്‍ പ്രകാശ് എംപി യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇത്തരത്തില്‍ മരിച്ചവരുടെ കണക്ക് അറിയില്ലെന്ന് കേന്ദ്രംഅറിയിച്ചത്. ഒരു കോടിയില്‍പരം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്. ഇതില്‍ 63 ലക്ഷം തൊഴിലാളികളാണ് റെയില്‍വേ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനില്‍ മടങ്ങിയത്. ബാക്കിയുള്ളവര്‍ എങ്ങിനെ മടങ്ങിയെന്നോ, മരിച്ചവര്‍ എത്രയെന്നോ, മരണമടഞ്ഞവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയോ എന്നൊക്കെയുള്ള കാര്യങ്ങള്‍ അറിയില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്.