ഹരിയാനയിലെ കർഷകപ്രക്ഷോഭം – മുന്നൂറോളം പേർക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻറെ കാർഷിക ഓർഡിനൻസുകൾക്കെതിരെ പ്രതിഷേധം നടത്തിയ മുന്നൂറോളം കർഷകർക്കെതിരെ ഹരിയാനാ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഹരിയാനയിലെ കുരുക്ഷേത്രയ്ക്കടുത്ത് ഡൽഹി -അംബാല ദേശീയപാത ഉപരോധിച്ച ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ അടക്കമുള്ളവർക്കെതിരെയാണ് മൂന്ന് എഫ് ഐ ആറുകൾ ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്തത്. നിയമവിരുദ്ധമായ കൂടിച്ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ
തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ളത്.

ദേശീയപാത നിയമത്തിൻ്റെയും ദുരന്തനിവാരണ നിയമത്തിൻ്റെയും ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. സമരക്കാർക്ക് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ഐസിസി വക്താവ് രൺദീപ് സിംഗ് സുർജേവാല, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവർ പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സപ്തംബർ 20ന് ഹരിയാനയിലെ മുഴുവൻ റോഡുകളും ഉപരോധിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ ട്രേഡ് ആൻറ് കൊമേഴ്സ് ഓഡിനൻസ്, ഫാർമേഴ്സ് എഗ്രിമെൻറ് ഓൺ പ്രൈസ് എഷൂറൻസ് ആൻഡ് ഫാം സർവീസസ് ഓർഡിനൻസ്, എസെൻഷ്യൽ കമ്മ്യൂണിറ്റി ആക്ടിലെ ഭേദഗതി, എന്നിവയ്ക്കെതിരെയാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.

Share
അഭിപ്രായം എഴുതാം