ബംഗാളിൽ കോൺഗ്രസ് – സി പി എം ബന്ധത്തിന് വാതിൽ തുറന്നിട്ട് പുതിയ പി.സി.സി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി

കൊൽക്കട്ട: ബംഗാളിൽ തൃണമൂലിനെയും ബി.ജെ.പി യെയും നേരിടാൻ സി.പി.എമ്മുമായി കൂടുതൽ അടുക്കാനൊരുങ്ങുകയാണ് കോൺഗ്രസ്സ്. പുതിയ പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ അധിർ രഞ്ജൻ ചൗധരി ഇത് വ്യക്തമാക്കിക്കഴിഞ്ഞു.

വരുന്ന ബംഗാള്‍ നിയമസഭാ തെരുഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കോന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.

അധിര്‍ രഞ്ജന്‍ ചൗധരിയെ ബുധനാഴ്ച രാത്രിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയത്. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയുടെ കടുത്ത വിമര്‍ശകൻ കൂടിയാണ് അധിര്‍. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അധ്യക്ഷനായി അദ്ദേഹത്തെ നിയമിക്കുന്നതിലൂടെ കോണ്‍ഗ്രസ് തൃണമൂലിനെതിരായ തങ്ങളുടെ നിലപാട് കൂടിയാണ് വ്യക്തമാക്കിയത്. നിലവില്‍ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് കൂടിയാണ് അധിര്‍ രഞ്ജന്‍ ചൗധരി.

ഒരു കാലത്ത് സി.പി.എമ്മിൻ്റെ കടുത്ത വിമർശകൻ കൂടിയായിരുന്നു അധിർ ചൗധരി. പഴയ പിണക്കങ്ങൾ മറന്ന് സി പി എമ്മിനെ ആലിംഗനം ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനത്തിനു പിന്നിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസ്സിനുണ്ടായ കനത്ത തിരിച്ചടിയാണ് എന്ന് വ്യക്തം.

Share
അഭിപ്രായം എഴുതാം