ആസ്തമ , മഞ്ഞപിത്തം തുടങ്ങിയവയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ കോവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്ന് ഒരുസംഘം ഗവേഷകര്‍

കണ്ണൂര്‍: കോവിഡ് ചികിത്സയക്ക് ആസ്തമ, മഞ്ഞപ്പിത്തം മരുന്നുകള്‍ക്ക് കഴിയുമെന്ന വാദവുമായി കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍. ബയോ ടെക്നോളജി-മൈക്രോബയോളജി വിഭാഗത്തിലെ അദ്ധ്യപകരായ സി.സദാശിവന്‍, ഡോ. ഇ ജയദേവി വാര്യര്‍എന്നിവരും ഒരുകൂട്ടം ഗവേഷക വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്നത്. മോളിക്യുലാര്‍ മോഡലിംഗ് ഉപയോഗിച്ച് നടത്തിയ തിയററ്റിക്കല്‍ ഗവേഷണമാണ് ഇവരുടേത്. ബെംഗളൂരു ക്രിസ്തുജയന്തി കോളേജിലെ ഡോ. ദിലീപും പഠനത്തില്‍ പങ്കാളിയായിട്ടുണ്ട്.

മനുഷ്യരില്‍ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട ഒരു മരുന്ന് മറ്റൊരു രോഗത്തിന് എതിരെ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന് കണ്ടെത്തുന്ന ഡ്രഗ് റീപര്‍പ്പസിംഗ് ഗവേഷണ രീതിയാണ് ഇവര്‍ അവലംബിച്ചത്. കോവിഡ് വൈറസിനെ മനുഷ്യ കോശങ്ങളില്‍ പുനരുല്‍പ്പാദിപ്പിക്കുന്നതിന് സഹായിക്കുന്ന എന്‍സൈമിനെ ഇല്ലാതാക്കാന്‍ ആസ്തമക്കും, ഹെപ്പറ്റൈറ്റസ് -സി വൈറസിനുമെതിരെ ഉപയോഗിക്കുന്ന മരുന്നുകള്‍ സഹായിക്കുമെന്നാണ് ഇവരുടെ വാദം. തുടര്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്ന് ഡോ. സി സദാശിവന്‍ പറഞ്ഞു. ഗവേഷക വിദ്യാര്‍ത്ഥികളായ അഭിജാത്, അരുണ്‍കുമാര്‍, ശരണ്യ സുരേഷ്, എന്നിവരും ഗവേഷണത്തില്‍ പങ്കാളികളായി.

Share
അഭിപ്രായം എഴുതാം