കോവിഡിനെ തുടര്‍ന്ന് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍

പത്തനം തിട്ട:ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഇതര പകര്‍ച്ച വ്യാധികള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോവിഡ് കാരണം ആളുകള്‍ പുറത്തിറങ്ങി നടക്കാത്തതും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നതും പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ കാരണമായി.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുകയായിരുന്നു. എന്നാല്‍ കോവിഡിന് ശേഷം വലിയ കുറവുണ്ടായിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ 2020 ജനുവരിയില്‍ 1257 ഫെബ്രുവരിയില്‍ 1158 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ മാര്‍ച്ചില്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതിനുശേഷം മെയ് ജൂണ്‍ മാസങ്ങളില്‍ ഡെങ്കി പനിയും എലിപ്പനിയും വര്‍ദ്ധിച്ചിരുന്നു. മെയില്‍ 22 പേര്‍ക്കും ജൂണില്‍ 32 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ ഇത് 12 ഉം 7 ഉം ആയി കുറഞ്ഞു സെപ്തംബറില്‍ ഇതുവരെ ഒന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ 45-ഉം 135 -ഉം റിപ്പോര്‍ട്ടുചെയ്തിരുന്ന സ്ഥാനത്താണിത്. റാന്നി ,വെച്ചൂച്ചിറ, ചാത്തഞ്ചേരി, ഇലന്തൂര്‍, കൂടല്‍ ഭാഗങ്ങളിലാണ് രോഗങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. എലിപ്പനി മെയില്‍ 16 പേര്‍ക്ക് സ്ഥിരീകരിച്ചു. ആഗസ്റ്റില്‍ 11 ആയി കുറഞ്ഞു. സെപ്തംബറില്‍ ഇതുവരെ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹെപ്പറ്റൈറ്റസ് എ യും കുറഞ്ഞിട്ടുണ്ട്.

ജീവിതത്തിന്‍റെ ശൈലികള്‍ മാറിയപ്പോള്‍ രോഗങ്ങളും മാറിത്തുടങ്ങി. കോവിഡ് പ്രതിരോധത്തിനും ഇതുതന്നെയാണ് പോംവഴിയെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →