റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് ഗർഭിണിയായ മലയാളി നഴ്‌സ് മരണപ്പെട്ടു. കോട്ടയം വൈക്കം കൊതോറ സ്വദേശിനി അമൃത മോഹൻ (31) ആണ് നജ്റാനിന് സമീപം ഷറൂറയിൽ മരണപ്പെട്ടത്. വൈക്കം പട്ടന്തറ മോഹൻ കനകമ്മ ദമ്പതികളുടെ മകളും അവിനാശ് മോഹൻദാസിൻ്റെ ഭാര്യയുമാണ്.
ഏഴു മാസം ഗർഭിണിയായിരുന്നു അമൃത . ഷറൂറ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി നോക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. ഷറൂറ ജനറൽ ആശുപത്രിയിലും പിന്നീട് നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രിയിലും ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.
ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. കൊവിഡ് ബാധിച്ച് മരണപ്പെട്ടതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല. ഭർത്താവ് അവിനാശ് മോഹൻദാസിനെ ഇവിടേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്ലീസ് ഇന്ത്യയും നഴ്‌സിംഗ് അസോസിയേഷനും ഇതിനായി അംബാസിഡറുമായും ആൻ്റോ ആൻ്റണി എംപിയുമായും ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്‌തു വരികയാണെന്ന് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി അറിയിച്ചു.