അദ്ധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു.

ഗോരഖ്പൂർ: അദ്ധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. 07-09-2020 തിങ്കളാഴ്ച വീട്ടിലെത്തിയ ഗോരഖ്പൂർ നഗരത്തിലെ നന്ദ നഗർ ദർഗാഹി നിവാസിയായ ആര്യമാൻ യാദവിന്‍റെ മകൻ ഉമേഷ് യാദവ് എന്ന യുവാവാണ് അധ്യാപകനായ സുധീർ സിംഗിനെ വെടിവച്ച് വീഴ്ത്തിയത്.

ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലെ തരിയാസുജൻ പോലീസ് സ്റ്റേഷൻ പ്രദേശത്തെ രാംപൂർ ബംഗ്ര ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് അധ്യാപകനെ യുവാവ് വെടിവച്ച് കൊന്നത്. വെടിവയ്പ്പിന്റെ ശബ്ദം കേട്ട് ഗ്രാമവാസികൾ പ്രതിയെ വളഞ്ഞു. പരിഭ്രാന്തി പരത്താൻ യുവാവ് മേൽക്കൂരയിൽ കയറി വായുവില്‍ വെടിവച്ചു. ഒന്നര മണിക്കൂറിനു ശേഷം പോലീസ് എത്തിയപ്പോൾ യുവാവ് കീഴടങ്ങി. എന്നാൽ മേൽക്കൂരയിൽ നിന്ന് ഇറങ്ങിയ ഉടനെ പ്രകോപിതരായ ജനക്കൂട്ടം അവനെ തല്ലികൊന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ചില പോലീസുകാരും നിസ്സഹായരായി കാണപ്പെട്ടു.

എസ്പിയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അന്തരീക്ഷം ശാന്തമാക്കി, രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഈ കേസിൽ, മരിച്ച യുവാവിനെതിരെ കൊലപാതകവും അജ്ഞാത ജനക്കൂട്ടത്തിനെതിരെ മനഃ പൂർവമല്ലാത്ത കൊലപാതകവും തരിയാസുജൻ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

രാംപൂർ ബംഗ്രയിൽ താമസിക്കുന്ന രാജേഷ് സിംഗ് ഗ്രാമത്തിലെ അധ്യാപകനും ഇളയ സഹോദരൻ സുധീർ സിംഗ് ബീഹാറിലെ അദ്ധ്യാപകനുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ട് സഹോദരന്മാരുടെയും കുടുംബം ഗോരഖ്പൂരിലെ നന്ദ നഗർ പ്രദേശത്തുള്ള വീട്ടിലാണ് താമസിക്കുന്നത്. രണ്ടു സഹോദരന്മാരും പലപ്പോഴും ഗോരഖ്പൂരിലേക്ക് വരുമായിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഒരു യുവാവ് രാജേഷ് സിംഗിനെ തേടി വീട്ടിലെത്തി. രാജേഷിന്റെ സുഹൃത്താണെന്ന് സ്വയം വിശേഷിപ്പിച്ച യുവാവ് തന്നെ കാണാൻ വരാൻ ആവശ്യപ്പെട്ടു. വീട്ടിൽ ഉണ്ടായിരുന്ന രാജേഷിന്റെ അമ്മ വീട്ടില്‍കയറ്റിയിരുത്തി. ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം യുവാവ് പ്രകടിപ്പിച്ചു. രാജേഷിന്റെ അമ്മ ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങി. അതേസമയം, ബീഹാർ പ്രവിശ്യയിലെ പക്രിയിൽ അദ്ധ്യാപകനായിരിക്കുന്ന രാജേഷിന്റെ ഇളയ സഹോദരൻ സുധീർ സിംഗ് യുവാവിന്റെ അടുത്തെത്തി. യുവാവ് സുധീറിനെ കണ്ടമാത്രയില്‍ വെടിവെച്ചതായി പറയപ്പെടുന്നു. സുധീർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

വെടിവയ്പ്പിന്റെ ശബ്ദം കേട്ട് രാജേഷിന്റെ അമ്മ വീട്ടിൽ നിന്ന് ഇറങ്ങി മെയിൻ ഗേറ്റില്‍ അടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. ശബ്ദം കേട്ട് ഗ്രാമത്തിലെ ജനങ്ങളും സ്ഥലത്തെത്തി. കാണികളെ കണ്ട യുവാവ് രാജേഷിന്റെ വീടിന്റെ മേൽക്കൂരയിൽ കയറി ആളുകളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പരിഭ്രാന്തി പരത്താൻ രണ്ടു തവണ വെടി വച്ചു. വിവരമറിഞ്ഞ് ഏതാനും പോലീസുകാർ സ്ഥലത്തെത്തി. എസ്.ഒ. ഹരേന്ദ്ര മിശ്ര തൊട്ടടുത്ത വീട്ടിലെ മേൽക്കൂരയിൽ കയറി വെടിയുതിർക്കുകയും യുവാവിനോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. യുവാവ് താഴെ ഇറങ്ങിയപ്പോഴേക്കും പ്രകോപിതരായ ജനക്കൂട്ടം അവനെ പിടികൂടി. ജനക്കൂട്ടം യുവാവിനെ വിറകു കൊണ്ട് അടിച്ചു കൊന്നു.

സംഭവത്തെക്കുറിച്ച് അറിഞ്ഞ എസ്പി വിനോദ് കുമാർ മിശ്ര, എസ്ഡിഎം തംകുഹിരാജ് എആർ ഫാറൂഖി, സിഒ ഫൂൾചന്ദ് കണ്ണൗജിയ എന്നിവർക്കൊപ്പം പതർവ, വിഷുൻപുര, സെവേരി എന്നിവിടങ്ങളിലെ പോലീസും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു. രണ്ട് മൃതദേഹങ്ങളും പോലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →