പാംഗോങ് സൊ തടാകക്കരയില്‍ വച്ച് ഇന്ത്യന്‍ സൈന്യം വെടി വച്ചു. ഉചിതമായ എതിർനടപടി സ്വീകരിച്ചുവെന്ന് ചൈനീസ് സൈനീക വക്താവ്

ന്യൂഡല്‍ഹി: അതിർത്തിയിൽ പാംഗോങ് സൊ തടാകത്തിന് തെക്കേകരയിൽ ഇന്ത്യയുടെ സൈന്യം വെടി വെച്ചതായി ചൈനീസ് സൈന്യത്തെ ഉദ്ധരിച്ചുകൊണ്ട് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ‘പീപ്പിൾസ് ലിബറേഷൻ ആർമിയുടെ അതിർത്തി പട്രോളിംഗ് സംഘത്തിന് നേരെ ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകിക്കൊണ്ട് വെടി വെയ്ക്കുകയുണ്ടായി. ചൈനീസ് പട്ടാളത്തിന്റെ നില സുസ്ഥിരമാക്കുന്നതിന് ആവശ്യമായ തിരിച്ചടി നടപടികൾ സ്വീകരിക്കുന്നതിന് ചൈനീസ് സൈന്യം നിർബന്ധിതമായി’ എന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

പി എൽ എ യുടെ വെസ്റ്റേൺ തീയറ്റർ കമാൻണ്ടിന്റെ വക്താവ് സീനിയർ കേണൽ ഷാങ് ഷൂയിലി ആണ് ചൊവ്വാഴ്ച ഈ വിവരം വെളിപ്പെടുത്തിയത്. ഗ്ലോബൽ ടൈംസ് റിപ്പോർട്ടിന്റെ ഉള്ളടക്കം ഇനി പറയുന്ന പ്രകാരമാണ്. “ഇരുപക്ഷവും എത്തിച്ചേർന്ന ധാരണകൾ ലംഘിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം നീങ്ങി. മേഖലയിൽ ഇത് സംഘർഷത്തിന് കാരണമായിട്ടുണ്ട്. ഗുരുതരമായ സൈനിക പ്രകോപനമാണ് ഉണ്ടായത്. ഇന്ത്യ- ചൈന അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്ത് നിയന്ത്രണരേഖ മറികടന്നുകൊണ്ട് ഇന്ത്യൻ സൈന്യം ഷെന്‍ പാവോ പർവ്വത പ്രദേശത്തുകൂടി പാംഗോങ് സൊ തടാകത്തിന്റെ തെക്കേക്കര വരെ എത്തി. ചൈനീസ് പട്രോളിംഗ് സംഘത്തിനു നേരെ വെടിവച്ചു. ചൈനീസ് സൈന്യം സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു. നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യൻ സൈന്യം ഉടനെ പിൻമാറണം, ചൈനീസ് സൈന്യത്തിന് നേരെ വെടിവെച്ച സൈനികനെ അന്വേഷണവിധേയമായി ശിക്ഷിക്കണം.” ഇതാണ് ഷാങ് ഷൂയിലിയെ ഉദ്ധരിച്ചുകൊണ്ട് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത്തരം ഒരു സംഭവത്തെ കുറിച്ച് ഗ്ലോബൽ ടൈംസിലെ റിപ്പോർട്ട് അല്ലാതെ മറ്റു വാർത്തകളൊന്നും പുറത്തു വന്നിട്ടില്ല. ഗ്ലോബൽ ടൈംസിലെ സൂചന വെച്ച് പാംഗോങ് സൊ തടാകത്തിന്റെ കരയിൽ സൈനിക ഏറ്റുമുട്ടൽ നടന്നു എന്ന് അനുമാനിക്കാം. അത് എത്രത്തോളം ഗൗരവമുള്ളതാണ് എന്ന് വ്യക്തമല്ല.

അരുണാചൽപ്രദേശിൽ നിന്ന് 5 യുവാക്കളെ ചൈനീസ് സൈന്യം പിടിച്ചു കൊണ്ടു പോയതായി വിവരമുണ്ട്. ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്ക് സൈന്യമോ ചൈനീസ് സർക്കാരോ മറുപടി പറഞ്ഞിട്ടില്ല. എന്നാൽ ചൈനീസ് വിദേശകാര്യ വകുപ്പിന്റേതായി പുറത്തുവന്ന പ്രതികരണത്തിൽ വിചിത്രവാദമാണ് ഉന്നയിക്കപ്പെട്ടത്. അരുണാചൽകാരുടെ രാജ്യം ഏതാണെന്ന മറുചോദ്യമാണ് ഉണ്ടായത്. ടിബറ്റിന്റെ ഭാഗമാണ് അരുണാചൽ എന്നാണ് ചൈന വാദിക്കുന്നത്. ടിബറ്റ് ആകട്ടെ ചൈനയുടെ ഭാഗവും. ആ നിലയിൽ ചൈനീസ് സൈന്യം കസ്റ്റഡിയിലെടുത്തവർ ഇന്ത്യക്കാരാണെന്ന് പറയാനാകില്ല എന്നാണ് ചൈനയുടെ വാദത്തിന്റെ അർത്ഥം.

അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിന്റെ സൂചനയാണ് ഇതെല്ലാം നൽകുന്നത്. സൈനിക തലത്തിൽ നടന്ന ചർച്ചകൾ തീരുമാനങ്ങൾ ഇല്ലാത്ത ആവർത്തനങ്ങൾ മാത്രമായി കലാശിച്ചു. പ്രതിരോധ മന്ത്രിമാരുടെ ചർച്ചയിലും പ്രശ്ന പരിഹാരമുണ്ടായിട്ടില്ല. കൂടുതല്‍ സൈനീക വിന്യാസവും പ്രകോപനങ്ങളും സൃഷ്ടിച്ച് സ്ഥിതിഗതികള്‍ വഷളാക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.

Share
അഭിപ്രായം എഴുതാം