ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് സ്ഥാനാർഥികളായി; പക്ഷേ തെരഞ്ഞെടുപ്പ് തന്നെ മാറ്റി വയ്ക്കുവാൻ ഇരുമുന്നണികളും ധാരണയിലേക്ക്

തിരുവനന്തപുരം: ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാർഥികളെ സംബന്ധിച്ച തീരുമാനമായി. എന്നാൽ ധാരണയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പുകൾ മാറ്റി വെക്കുന്നതിന് മുന്നണികൾ ശ്രമമാരംഭിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ചില ബുദ്ധിമുട്ടുകൾ ഉണ്ട്. അതേസമയം അടുത്തവർഷം നിയമസഭയിലേയ്ക്ക് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൊട്ടുമുമ്പ് ഉപതിരഞ്ഞെടുപ്പ് വേണ്ട എന്ന അഭിപ്രായം മുന്നണികൾ പരിഗണിച്ചു വരികയാണ്. ഈ വിഷയത്തിൽ അഭിപ്രായ ഐക്യമായിട്ടില്ല.

ഉപതിരഞ്ഞെടുപ്പിനൊപ്പം നവംബർ നടക്കേണ്ട ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടി മാറ്റിവെക്കണമെന്ന അഭിപ്രായമാണ് യുഡിഎഫിനു ഉള്ളത്. സംസ്ഥാനത്തെ ഭൂരിപക്ഷം ത്രിതലപഞ്ചായത്ത് സ്ഥാപനങ്ങളും യുഡിഎഫ് ഭരണത്തിൽ ആണ്.

വിവാദ ഭരണ നടപടികളുടെ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി ഉണ്ടാകും എന്ന് സംശയം എൽഡിഎഫിന് ഉണ്ട്. രണ്ടു സീറ്റുകളും നിലവിൽ എൽഡിഎഫിന്റേതാണ്. എവിടെയെങ്കിലും പ്രതികൂല ഫലം ഉണ്ടായാൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അത് സംക്രമിച്ചേക്കാം.

എന്നാൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെ എതിർത്തുകൊണ്ട് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. യഥാസമയം തിരഞ്ഞെടുപ്പ് നടത്തുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്. കോവിഡ് സാഹചര്യത്തിൽ വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തിവരികയാണ്. യഥാസമയം തെരഞ്ഞെടുപ്പ് നടത്താൻ കഴിയും. ഈ വിധത്തിലുള്ള സത്യവാങ്മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ നൽകിയിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം