സ്പുട്നിക് വാക്‌സിന്‍ മൂന്നാംഘട്ട ട്രയലിന് ഇന്ത്യയും; വാക്‌സിന്റെ സമഗ്രവിവരം ഇന്ത്യയ്ക്ക് നല്‍കി റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്‌സിനായ സ്പുടനിക് സംബന്ധിച്ച സമഗ്ര ഡേറ്റ ഇന്ത്യയ്ക്ക് കൈമാറി. വാക്‌സിന്റെ ട്രയല്‍ ഒന്നും രണ്ടും സംബന്ധിച്ച വിവരങ്ങളും അതിന്റെ ഫലപ്രാപ്തിയും ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണിത്. റഷ്യയില്‍ നിന്ന് ലഭിച്ച വാക്‌സിന്‍ സംബന്ധിച്ച സമഗ്ര ഡേറ്റ വിലയിരുത്തിയ ശേഷം രാജ്യത്ത് മൂന്നാംഘട്ട ട്രയലിന് ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. മോസ്‌കോ ആസ്ഥാനമായുള്ള ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോ ബയോളജിയില്‍ നിന്നാണ് ഇന്ത്യ ഇത് നേടിയതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ വാക്‌സിനേഷന്‍ രംഗത്ത് റഷ്യയുമായി ആഴത്തില്‍ ഇടപെടല്‍ നടത്തുകയാണ്. ഇക്കാര്യം ഏകോപിപ്പിക്കുന്നത് ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, റഷ്യയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡി ബി വെങ്കിടേഷ് വര്‍മ്മ എന്നിവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യ, യുഎഇ, ബ്രസീല്‍, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളിലും റഷ്യന്‍ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഇതിനകം തയ്യാറായിട്ടുണ്ട്. വാക്‌സിന്‍ ഉത്പാദനം വാണിജ്യ അടിസ്ഥാനത്തില്‍ ഈ മാസം 2020 ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയടക്കം 20 രാജ്യങ്ങളെങ്കിലും സ്പുട്‌നിക് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം