ബീജിങ്: ഇന്ത്യയുമായി നിലനിൽക്കുന്ന അതിർത്തിയിലെ പ്രശ്നങ്ങളും അതിർത്തിയിലെ സൈനിക നീക്കങ്ങളും വലിയ ചർച്ചയാകുന്ന സാഹചര്യത്തിൽ ടിബറ്റിന്റെ സുരക്ഷയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും 136 ലക്ഷം കോടി ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ച് ചൈന.
ചൈനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടെലഗ്രാഫ് പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മുടങ്ങിക്കിടക്കുന്ന പദ്ധതികളും പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമാണ്.
ചൈനയിലെ മറ്റു പ്രവശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ടിബറ്റിലെ അടിസ്ഥാന സൗകര്യ വികസനം കാര്യമായി നടന്നിട്ടില്ല എന്ന വിലയിരുത്തലിലാണ് ചൈനീസ് ഭരണകൂടം.
1950ൽ ടിബറ്റിൽ നടന്ന ചൈനീസ് അധിനിവേശത്തിന് ശേഷം സ്വാതന്ത്ര്യത്തിനായി ടിബറ്റിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അന്താരാഷ്ട്ര വേദികളിലും പ്രക്ഷോഭം നടന്നിരുന്നു.
വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ടിബറ്റൻ ജനതയെ ചൈനയോട് കൂടുതൽ അടുപ്പിക്കും എന്ന വിശ്വാസത്തിലാണ് ചൈനീസ് ഭരണകൂടം.
ടിബറ്റും നേപ്പാളുമായി ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയും ചൈന വിഭാവനം ചെയ്യുന്ന വികസന പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.
ചൈന ടിബറ്റിന്റെ വികസനം അവഗണിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ടിബറ്റിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യ മുതലെടുക്കാനുള്ള സാധ്യതയും ചൈന മുന്നിൽ കാണുന്നുണ്ട്.

