പന്നിശല്യം രൂക്ഷം; വയല്‍വരമ്പുകളില്‍ വൈദ്യുത വേലി സ്ഥാപിച്ച് കര്‍ഷകര്‍

വടക്കഞ്ചേരി: നെല്‍പ്പാടങ്ങളില്‍ പന്നിശല്യം രൂക്ഷമായതോടെ വയല്‍വരമ്പുകളില്‍ വൈദ്യുത വേലി സ്ഥാപിച്ച് കര്‍ഷകര്‍. തിരുവഴിയാച്ച, കരിങ്കുളം, വാഴാഞ്ചേരി, പുത്തന്‍തറ പ്രദേശങ്ങളിലാണ് വരമ്പുകളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുത വേലി സ്ഥാപിച്ചിരിക്കുന്നത്. കൊയ്ത്തിന് പാകമായ പാടങ്ങളില്‍ പന്നിശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. രാത്രി കാലങ്ങളില്‍ കൂട്ടമായെത്തുന്ന പന്നികള്‍ കാവല്‍ നില്‍ക്കുന്നവരെ കുത്തിപ്പരിക്കേല്‍പിച്ചതോടെയാണ് കര്‍ഷകര്‍ വൈദ്യുത വേലി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വേലിസ്ഥാപിക്കാന്‍ വലിയ സാമ്പത്തിക ചെലവു വരുമെന്നതിനാല്‍ മുളങ്കമ്പും മറ്റും ഉപയോഗിച്ച് മൂന്നടിയോളം പൊക്കത്തില്‍ കമ്പി കെട്ടിയാണ് നിലവില്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നത്. പ്രത്യേക ഇലക്ട്രോണിക്‌സ് യന്ത്രത്തിലൂടെ 12 വോള്‍ട്ട് വൈദ്യുതി ഉയര്‍ന്ന ആമ്പിയറില്‍ നിശ്ചിത ഇടവേളകളില്‍ കമ്പികളിലൂടെ കടത്തിവിടുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. മൃഗങ്ങള്‍ക്ക് ഷോക്കേല്‍ക്കുമെങ്കിലും ജീവഹാനി സംഭവിക്കില്ല. വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുവരെയാകും വൈദ്യുത വേലി പ്രവര്‍ത്തിപ്പിക്കുക, കൊയ്ത്തുകഴിഞ്ഞാലുടന്‍ ഇത് അഴിച്ചു മാറ്റുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

രാത്രികാലങ്ങളിലാണ് പന്നികള്‍ കൂട്ടത്തോടെ നെല്‍പ്പാടങ്ങളിലേക്കെത്തുന്നത്. ഒരു സംഘത്തില്‍ മൂന്ന് മുതല്‍ 12 വരെ അംഗങ്ങള്‍ ഉണ്ടാകും. പകല്‍ സമയങ്ങളില്‍ പുഴയുടെയും തോടുകളുടെയും ഉള്‍ഭാഗത്ത് പൊന്തക്കാടുകളില്‍ അലഞ്ഞു തിരിയുന്ന ഇവ രാത്രിയില്‍പാടങ്ങളിലെത്തി സകലതും കുത്തി മറിച്ചിടും. ഓണത്തിനായി കരഭാഗങ്ങളില്‍ കൃഷി ചെയ്ത കപ്പ, ചേമ്പ്, പയര്‍, പാവല്‍ തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി നശിപ്പിപ്പിച്ചിരുന്നു. വായ്പയെടുത്തും വട്ടപലിശയ്ക്ക് കടംവാങ്ങിയുമാണ് കര്‍ഷകര്‍ ഇത്തവണ കൃഷിയിറക്കിയത്. വിള മുഴുവന്‍ വന്യമൃഗങ്ങള്‍ കൊണ്ടുപോയാല്‍ ഇവര്‍ വലിയ പ്രതസന്ധിയിലാകും.

Share
അഭിപ്രായം എഴുതാം