ലണ്ടൻ: തണുത്തുറഞ്ഞ ഉത്തരധ്രുവം പോലും കാട്ടുതീയിൽ പുകയുകയാണ്. വടക്കൻ ധ്രുവ മേഖലയിലെ കാട്ടുതീയും പുകയും സർവകാല റെക്കോർഡിലേക്ക് നീങ്ങുന്നതായാണ് യൂറോപ്പിലെ ഗവേഷണ സ്ഥാപനമായ കോപ്പർനിക്കസ് അറ്റ്മോസ്ഫെറിക് സർവീസ് (CAMS) കണ്ടെത്തിയിട്ടുള്ളത്.
2020 ൽ ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള ആറു മാസം കൊണ്ട് മാത്രം ആർട്ടിക്കിലെ കാട്ടുതീകൾ അന്തരീക്ഷത്തിലേക്ക് തള്ളിയ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് 244 മില്യൺ ടൺ ആണത്രേ.
2019 ൽ വർഷം മുഴുവനുള്ള കണക്കെടുത്താലും ഇത് 181 മില്യൺ ടൺ മാത്രമായിരുന്നു. അതായത് മുൻവർഷത്തെ കണക്കിൻ്റെ മൂന്നിലൊന്നിൻ്റെ വർധനവാണ് ഈ വർഷം 6 മാസം കൊണ്ടു മാത്രം ഉണ്ടായിട്ടുള്ളത്.
ഭൂമിയുടെ ഉത്തരധ്രുവ മേഖലയിലെ താപവർദ്ധനവിൻ്റെയും കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും നിരക്ക് ആഗോള ശരാശരിയുടെ രണ്ടോ മൂന്നോ മടങ്ങ് അധികമാണെന്ന് തങ്ങൾക്കറിയാമായിരുന്നൂവെന്ന് കോപ്പർനിക്കസിലെ സീനിയർ ഗവേഷകനായ മാർക് പാരിംഗ്ടൺ പറയുന്നു. ഇപ്പോൾ പുറത്തുവന്ന കാട്ടുതീയുടെ കണക്കുകൾ ആ നിഗമനത്തെ സാധൂകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരധ്രുവത്തിലെ ഹിമപാളികൾ ഏറ്റവും ചുരുങ്ങിപ്പോയ ജൂലൈ മാസമാണ് കടന്നു പോയതെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇത് മുൻകാല കണക്കുകളെയെല്ലാം മറികടക്കുന്നതായിരുന്നു. മഞ്ഞുപാളികൾ നേർത്തതുമൂലം വടക്കൻ റഷ്യയിൽ നിന്ന് ചൈനയിലേക്കുള്ള ചരക്കുകപ്പൽ ഗതാഗതം ഇത്തവണ പതിവിലും നേരത്തെ ആരംഭിച്ചു. സൈബീരിയൻ ഭാഗത്താണ് ഇത്തവണ കാട്ടുതീ തീവ്രമായി കാണുന്നത്. ഇവിടെ നിന്നുമുള്ള പുക ആയിരക്കണക്കിന് കിലോമീറ്ററുകൾ വ്യാപിച്ചിട്ടുണ്ട്. ഈ പുകപ്പരപ്പിൻ്റെ ആകെ വിസ്തൃതി ഏകദേശം ക്യാനഡയുടെ മൂന്നിലൊന്ന് വരുമെന്നും ഗവേഷകർ പറയുന്നു. ആർട്ടിക്കിൾ തീ പിടിക്കുമ്പോഴും കാർബൺ ഉത്സർജനം കുറയ്ക്കാനുള്ള കാര്യമായ നടപടികളൊന്നും ലോകരാജ്യങ്ങൾ സ്വീകരിച്ചു കാണുന്നില്ല എന്നതാണ് ആശങ്കാജനകമായ കാര്യം

