റഷ്യയുടെ കോവിഡ് വാക്സിന്‍ പരീക്ഷണത്തിലെ ആദ്യഘട്ടത്തിൽ പങ്കെടുത്ത 100 % പേർക്കും രോഗപ്രതിരോധശേഷി ഉണ്ടായതായി മെഡിക്കൽ ജേണല്‍

മോസ്കോ: വാക്സിന്‍ പരീക്ഷണത്തിലെ ആദ്യ ഘട്ടങ്ങളിൽ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രതികരിച്ചതായി ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്സിന്‍ പരീക്ഷണങ്ങളില്‍ ആകെ പങ്കെടുത്തത് 76 പേരാണ്. ഇവരിൽ എല്ലാവരിലും ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും വാക്സിന്‍ സുരക്ഷിതമാണെന്നും ജേണൽ പറയുന്നു. ജേണൽ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

മോസ്കോയിലെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. രണ്ട് ഡോസുകളില്‍ ഒന്ന് സാധാരണ രീതിയിലുള്ള ജലദോഷത്തിനും രണ്ടാമത്തേത് ഹ്യൂമന്‍ അഡെനോ വൈറസിനുമുള്ളതാണ്.

ആഗസ്റ്റ് മാസത്തിലായിരുന്നു ആഭ്യന്തര ഉപയോഗത്തിനുള്ള വാക്സിന്‍ പരീക്ഷണത്തിന് റഷ്യ അനുമതി നല്‍കിയത്. ലോകത്തില്‍ വ്യാപകമായി വാക്സിന്‍ പരീക്ഷണം ആരംഭിക്കുന്ന രാജ്യവും റഷ്യയാണ്. സ്പുട്നിക് വി എന്നാണ് വാക്സിന് പേര് നൽകിയിട്ടുള്ളത്. ലോകത്തില്‍ റഷ്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമായ സ്പുട്നിക് വിയുടെ ഓർമയ്ക്കായാണ് വാക്സിന് ഈ പേര് നല്‍കിയിട്ടുള്ളത്.

വാക്സിൻ്റെ അന്തിമ ഘട്ട പരീക്ഷണത്തിനായി 3000 പേരെ ഇതിനകം തന്നെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഇതിൻ്റെ ഫലങ്ങള്‍ ലഭിച്ചു തുടങ്ങുമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നതിന് മുൻപ് വാക്സിന്‍ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പുമായി പാശ്ചാത്യ രാജ്യങ്ങളിലെ വിദഗ്ധര്‍ നേരത്തേ രംഗത്തെത്തിയിരുന്നു

Share
അഭിപ്രായം എഴുതാം