കോവിഡ് വാക്സിൻ – 2021 പകുതി വരെ വലിയ പ്രതീക്ഷകളൊന്നും വേണ്ട ലോകാരോഗ്യസംഘടന

ജനീവ: കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ പാതിവഴിയിൽ മാത്രമാണ് എത്തിയിട്ടുള്ളതെന്നും അടുത്തവർഷം പകുതിവരെ വലിയ പ്രതീക്ഷകൾക്കൊന്നും വകയില്ലെന്നും ലോകാരോഗ്യസംഘടന.

2021 പകുതി ആകുന്നതുവരെ വാക്സിൻ പ്രചാരത്തിൽ എത്തുമെന്ന് ഈ ഘട്ടത്തിൽ കരുതാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ഐക്യരാഷ്ട്രസംഘടന മുൻപാകെയാണ് ലോകാരോഗ്യ സംഘടന ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പലരാജ്യങ്ങളും വാക്സിൻ വിജയകരമാണെന്ന അവകാശവാദവുമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും ഇവയിൽ ഒന്നുപോലും ഫലപ്രദമാണെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ല. വാക്സിൻ്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പരീക്ഷണങ്ങളെല്ലാം നടത്തേണ്ടതാണ്.

പരീക്ഷണത്തിൻ്റെ മൂന്നാംഘട്ടം ദൈർഘ്യമേറിയതാണ്. വാക്സിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ മൂന്നു ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും മാർഗരറ്റ് ഹാരിസ് പറയുന്നു.കോവിഡ് വാക്സിൻ ഉടൻ വന്നേക്കുമെന്ന ലോക രാജ്യങ്ങളുടെ പ്രതീക്ഷയ്ക്കാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയോടെ മങ്ങലേറ്റിരിക്കുന്നത്

Share
അഭിപ്രായം എഴുതാം