തൽക്കാലം ബാഴ്സയിൽ തുടരുന്നു, താൻ ഏറെ സ്നേഹിക്കുന്ന ക്ലബ്ബാണ് ബാഴ്സലോണ, വികാരാധീനനായി മെസ്സി.

ബാഴ്സലോണ: ഒടുവിൽ ലയണൽ മെസ്സി മനസ്സു തുറന്നു. ഒരു വർഷത്തേക്കു കൂടി ബാഴ്സയിൽ തന്നെ തുടരുമെന്ന് താരം വ്യക്തമാക്കി. ഗോളിനു നൽകിയ അഭിമുഖത്തിൽ എല്ലാ അഭ്യൂഹങ്ങൾക്കും മെസ്സി ഫൈനൽ വിസിൽ മുഴക്കിയത്. ബാഴ്സലോണയോടുള്ള വൈകാരിക ബന്ധമാണ് അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത് .

താൻ ഒട്ടും സന്തുഷ്‌ടനല്ലെന്നും താൻ ബാഴ്‌സ വിടാൻ ആഗ്രഹിക്കുന്നുവെന്നും മെസ്സി പറയുന്നു. ഒരു നിയമയുദ്ധത്തിലേക്ക് പോകാൻ താൽപര്യമില്ല. ക്ലബ് വിടാൻ അവർ തന്നെ അനുവദിക്കുന്നില്ല. ബർതെമ്യൂ നയിക്കുന്ന ക്ലബ് എല്ലാ അർത്ഥത്തിലും പൂർണപരാജയമാണ്. താൻ ബാഴ്‌സയെ ഒരു പാട് സ്‌നേഹിക്കുന്നു. ബാഴ്‌സയേക്കാൾ മികച്ച സ്ഥലം തനിക്ക് ലഭിക്കില്ല. ക്ലബുമായി ഒരു യുദ്ധത്തിലേർപ്പെടാൻ തനിക്ക് താൽപര്യമില്ല. അതുകൊണ്ട് മാത്രമാണ് ഇവിടെ തുടരാൻ നിർബന്ധിതനാകുന്നത്. പുതിയ താരങ്ങളെയാണ് ബാഴ്‌സയ്‌ക്ക് ആവശ്യമെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്റെ സമയം പൂർത്തിയായെന്നാണ് താൻ വിശ്വസിക്കുന്നത്. ഈ സീസൺ കഴിയുമ്പോഴും നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെ കുറിച്ച് സ്വയം തീരുമാനിക്കാം എന്നാണ് ബർതെമ്യൂ തന്നോട് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ അദ്ദേഹം ആ വാക്ക് ലംഘിച്ചു, മെസി അഭിമുഖത്തിൽ പറയുന്നു.

“എനിക്ക് എല്ലാറ്റിനും വലുത് ക്ലബാണ്. അതുകൊണ്ട് ഞാൻ ഇവിടെ തുടരുന്നു. ബാഴ്‌സയുമായി ഒരു നിയമയുദ്ധത്തിനു എനിക്ക് താൽപര്യമില്ല. ബാഴ്‌സയ്‌ക്കെതിരെ ഞാൻ കോടതിയിൽ പോകില്ല. ഞാൻ ഏറെ സ്‌നേഹിക്കുന്ന ക്ലബാണ് ബാഴ്‌സലോണ, ബാഴ്സ വിടുന്നതിനോട് എൻ്റെ കുടുംബം പോലും യോജിക്കുന്നില്ല, പക്ഷേ ഇനി എനിക്കു പറ്റില്ല ” വെെകാരികമായി മെസ്സി പ്രതികരിച്ചു.

രൂക്ഷമായ ഭാഷയിലായിരുന്നു മാനേജുമെൻ്റിനെതിരായ അദ്ദേഹത്തിൻ്റെ പ്രതികരണം.

“ക്ലബ് മാനേജ്മെന്‍റും പ്രസിഡന്‍റ് ബാര്‍തോമ്യുവും ഒരു ദുരന്തമാണ്. എനിക്ക് ഫ്രീ ഏജന്‍റായി ക്ലബ് വിടാമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ക്ലബ് വിടണമെങ്കില്‍ 700 മില്ല്യണ്‍ യൂറോ നല്‍കണമെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. സീസണ്‍ അവസാനം വരെ നിന്നിട്ട് പോകാന്‍ പ്രസിഡന്‍റ് പറയുന്നു. ഞാന്‍ ജൂണ്‍ 10നു മുന്‍പ് ഇക്കാര്യം പറഞ്ഞില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം. പക്ഷേ, കൊവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ 10ന് ഞങ്ങള്‍ ലാ ലിഗ കളിക്കുകയായിരുന്നു.”- മെസി പറഞ്ഞു.

Share
അഭിപ്രായം എഴുതാം