അലഹബാദ്: വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അവരുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജയിൽ വാസമനുഭവിക്കുന്ന ഉത്തർപ്രദേശിലെ മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക് കോടതി ജാമ്യമനുവദിച്ചു. 41 മാസമായി ലഖ്‌നൗ ജയിലിൽ കഴിയുകയായിരുന്ന മുൻ മന്ത്രിക്ക് അലഹബാദ് ഹൈക്കോടതിയാണ് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്.
മൂത്രനാളിയിലെ അണുബാധ, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങളാൽ അവശനാണെന്നും ചികിത്സാർത്ഥം ജാമ്യം ആവശ്യമാണ് എന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. മെഡിക്കൽ രേഖകളും പ്രതിഭാഗം കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് വേദ പ്രകാശ് ജാമ്യം അനുവദിച്ചത്.
2017 മാർച്ച് മുതൽ പ്രജാപതി ജയിലിൽ കഴിയുകയാണ്. 5 ലക്ഷം രൂപ വ്യക്തിഗത ബോണ്ടിൻമേലും 2.5 ലക്ഷം രൂപ വീതമുള്ള രണ്ട് ഉറപ്പുകളിൻമേലും ആണ് ജാമ്യം അനുവദിച്ചത്.
യുപിയിൽ മന്ത്രിയായിരുന്നപ്പോൾ പ്രജാപതിയും ആറ് സഹായികളും 40 കാരിയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും 17 കാരിയായ അവരുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു പരാതി.
ജാമ്യ കാലയളവിൽ രാജ്യം വിടരുതെന്ന് കോടതി പ്രജാപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് ഇദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ പല തവണ നിരസിക്കപ്പെട്ടിരുന്നു.