ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെയൊക്കെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്ന ഒരാളാണ് ജോണ്‍ വിക്. ഇയാള്‍ തന്നെയാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത അക്കൗണ്ട് ഹാക്ക് ചെയ്തതും. എന്നാല്‍ ഇതൊരു കോഡ് നെയിം ആണെന്നാണ് നിഗമനം. നേരത്തെ, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, നിലവിലെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ ബിദന്, കോടീശ്വരന് എലോണ്‍ മസ്ക് തുടങ്ങിയവരുടെ അക്കൗണ്ടുകളും ഈ പേരുകാരന് ഹാക്ക് ചെയ്തിട്ടുണ്ട്. ജോണ്‍ വിക് എന്നു പരിചയപ്പെടുത്തിക്കൊണ്ട് നിരവധി ട്വീറ്റുകളാണ് ഹാക്കര്‍ മോദിയുടെ 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ക്രിപ്റ്റോകറന്‍സി മുഖേനെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കണം എന്നതായിരുന്നു ഇതിലുണ്ടായിരുന്നത്.
യഥാര്‍ത്ഥത്തില്‍ ഇത് ആരാണെന്നാണ് ലോകം മുഴുവന്‍ ഇപ്പോള്‍ ചോദിക്കുന്നത്. 2014-ല്‍ ഇറങ്ങിയ, ഛാഡ് സ്റ്റാഹല്സ്കി സംവിധാനം ചെയ്ത, അമേരിക്കന്‍ സിനിമയാണ് ജോണ്‍ വിക്. കീനു റീവ്സ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരന്ന ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍.ഇതില്‍ യാദൃശ്ചികമായ കാര്യം, മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സെപ്റ്റംബര്‍ രണ്ട് കീനു റീവ്സിന്റെ പിറന്നാള്‍ കൂടിയാണ്. ഹാക്കര്‍ സ്വയം പരിചയപ്പെടുത്തിയതാകട്ടെ ജോണ്‍ വിക് എന്നും.
മോദിയുടെ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ക്രിപ്റ്റോകറന്‍സി വഴി സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ഹാക്കര്‍മാരുടെ പോസ്റ്റുകള്‍. ബിറ്റ്കോയിന് കുംഭകോണമാണ് ലക്ഷ്യമിട്ടത് എന്നാണ് അന്വേഷകര്‍ സംശയിക്കുന്നത്.

