പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. റീ പോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ചയാണ് വീണ്ടും ചെയ്യുന്നത്. സി.ബി.ഐ കേസ് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മൂന്നംഗ ഫോറന്‍സിക്ക് ഡോക്ടറുമാരുടെ സംഘമാണ് റീ പോസ്റ്റ്മോര്‍ട്ടം നടത്തുക. വനംവകുപ്പ് കസ്റ്റഡിയിലാണ് മത്തായി മരണപ്പെട്ടത്. മൃതദേഹം 38 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മത്തായിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇതുവരെ ശവസംസ്‌കാരം നടത്തിയിരുന്നില്ല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനമെടുത്തത്. റീ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ശനിയാഴ്ച രാവിലെ 9-ന് വടശ്ശേരിക്കര അരീക്കകാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം 3.30ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം നടക്കും. കുറ്റക്കാരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.

