ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 മുതൽ 1000 പേർക്ക് ദർശനം നൽകും. പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ്ങ് സ്വീകരിക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു.
ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിങ്ങ് ചെയ്തുവരുന്നവർക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദർശനം അനുവദിക്കുക.
നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയബലിക്കല്ലിനുസമീപം നിന്ന് ദർശനം നടത്തിയ ശേഷം ചുറ്റമ്പലം വഴി പ്രദക്ഷിണംവെച്ച് ഭഗവതിക്ഷേത്രത്തിനു സമീപത്തുള്ള വാതിൽ വഴി പുറത്തേക്ക് പോകുന്ന രീതിയിലാണ് ക്രമീകരിക്കുക. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരിൽ കൂടുതൽ ഭക്തരെ അനുവദിക്കില്ല. തിങ്കളാഴ്ച മുതൽ വാഹനപൂജയും അനുവദിക്കും.
പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്റ്റംബർ 14 ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വെച്ചും നറുക്കെടുപ്പ് സെപ്റ്റംബർ 15 ന് ഉച്ചപൂജക്കുശേഷം നാലമ്പലത്തിനകത്തുവെച്ചും നടത്തും.

