ഭരണപരാജയം മറച്ചുവെക്കാന്‍ വേണ്ടി കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭരണപരാജയം മറച്ചുവെക്കാന്‍ വേണ്ടി കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിനോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നില്‍ക്കാറില്ല. ഭരണം തകര്‍ന്നു, ഭരണത്തിന്റെ മുഖം നഷ്ടപ്പെട്ടു, അത് മറച്ചുവെക്കാനാണ് കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കുന്നത്. ഇതൊന്നും വിജയിക്കില്ല. ജനങ്ങള്‍ വസ്തുത തിരിച്ചറിയും’ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല പിടിയിലായിട്ടുള്ളത്. എസ്ഡിപിഐയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് പറയുന്നത്. കോണ്‍ഗ്രസുമായി ഒരു ബന്ധമുള്ളവര്‍ പിടിയിലായിട്ടില്ലെന്നാണ് ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായിട്ടുള്ളത്. അവിടെ ഒരു രാഷ്ട്രീയ സംഘര്‍ഷവും നിലനിന്നിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടപ്പോള്‍ ബോധപൂര്‍വ്വം കോണ്‍ഗ്രസിനേയും അതിന്റെ പ്രവര്‍ത്തകരേയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് തങ്ങള്‍ക്ക് ലഭിക്കുന്ന വിവരമെന്നും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു.
കൊലപ്പെടുത്തിയവര്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും സനല്‍ പറഞ്ഞു. കൊല്ലപ്പെട്ട മിഥിലാജും ഹഖും നിരവധി കേസുകളില്‍ പ്രതികളാണ്. കഴിഞ്ഞ ഓണത്തിന്റെ തലേദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ച കേസിലെ പ്രതിയാണ് മിഥിലാജ് എന്നും സനൽ ആരോപിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →