തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ മകനടക്കമുള്ള സിപിഎമ്മുകാർക്ക് ജനം ടിവിയിൽ ഓഹരിയുണ്ടെന്ന് ചാനൽ ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു വെളിപ്പെടുത്തിയിരുന്നു. ഇത് പുതിയ വിവാദങ്ങൾക്ക് തുടക്കമിടുകയാണ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് സിപിഎം ബിജെപിക്കെതിരെ ആയുധമാക്കിയിരുന്നു. അപ്പോഴാണ് വിവാദ വെളിപ്പെടുത്തൽ സംഭവത്തിൽ ബിജെപി-സിപിഎം ബന്ധം പുറത്തായെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
സ്വപ്ന സുരേഷിന് ജനത്തിൽ ഓഹരിയുണ്ടെന്ന് ഉയർന്ന ആരോപണത്തിന് പിന്നാലെയാണ് മന്ത്രിയുടെ മകന് ജനം ടിവിയിൽ ഓഹരിയുണ്ടെന്ന ജി.കെ. സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തൽ.
ഓരോരുത്തരുടേയും പശ്ചാത്തലം പരിശോധിച്ചാണ് ഓഹരി നൽകിയിട്ടുള്ളത് എന്ന് അദ്ദേഹം പറയുന്നു. ദേശീയ താത്പര്യമുള്ളവരെ മാത്രമാണ് ഇതിൽ പങ്കാളിയാക്കിയതും. 5300 ഷെയർ ഹോൾഡേഴ്സുണ്ട്. ഇതിൽ കൂലിപ്പണിയെടുക്കുന്നവർ മുതൽ ഐടി പ്രഫഷണലുകൾ വരെയുണ്ട്.
‘സ്വപ്നയ്ക്ക് ഓഹരിയുണ്ടെന്നാണ് സിപിഎമ്മുകാർ പ്രചരിപ്പിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. ഒരു സാമൂഹ്യദ്രോഹിക്കും ജനത്തിൽ ഓഹരിയില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. കാരണം സിപിഎമ്മുകാരുമുണ്ട്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ മകനും ഷെയർഹോൾഡറാണ്’ ജനം ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു പറഞ്ഞു. ജനം ഏതെങ്കിലും പാർട്ടിയുടെ ചാനലോ അവരുടെ നിയന്ത്രണത്തിലോ അല്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു. ജനം ബിജെപി ചാനലല്ലെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയോടും അദ്ദേഹം യോജിച്ചു.
സ്വർണക്കടത്ത് കേസിൽ – ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിനു പിന്നാലെ ജനം ടി.വി.യെ ബി.ജെ.പി. തള്ളിപ്പറഞ്ഞെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് വെളിപ്പെടുത്തലുണ്ടായത്.