വിതുര: ആനയെ പേടിച്ച് പകല്‍ സമയത്തുപോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് വിതുര നിവാസികള്‍. പ്രദേശത്തെ കൃഷി മുഴുവന്‍ കുത്തിമറിച്ച് നശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തില്‍ കയറിയ ആദിവാസികളെ ആന ഓടിച്ചിരുന്നു. പലരും കഷ്ടിച്ചാണ് രക്ഷപെട്ടത്.
കാട്ടാനയെ കണ്ട് ഭയപ്പെട്ട് ഓടിയ രണ്ടുപേര്‍ നേരത്തേ മരണപ്പെട്ടിരുന്നു. അടിപ്പറമ്പ് ആദിവാസി കോളനിയില്‍ കൃഷണന്‍കുട്ടി(50), ആനപ്പാറ കൊച്ചാനപ്പാറ വയലരികത്ത് വീട്ടില്‍ ചന്ദ്രബാബു എന്നിവരാണ് മരണപെട്ടത്. കൃഷ്ണന്‍കുട്ടിയെ ഒരു കിലോമീറ്ററോളം ദൂരം ഓടിച്ചു. കഷ്ടിച്ച് രക്ഷപെട്ടെങ്കിലും ഹൃദ്രോഗികളായ ഇവര്‍ പിന്നീട് മരണപ്പെടുകയായിരുന്നു.
നാട്ടിന്‍പുറത്തേക്കും ആനയുടെ ശല്ല്യം വര്‍ദ്ധിച്ചുവരികയാണ്. ഈയിടെ പേപ്പാറ ഡാം സന്ദര്‍ശിക്കാനെത്തിയ രണ്ട് യുവാക്കളെ ഒറ്റയാന് അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുവിധം രക്ഷപെടുകയായിരുന്നു. നാട്ടിന്‍പുറത്ത് കൃഷിയിടങ്ങളിലിറങ്ങുന്ന ആന തെങ്ങ്, അടയ്ക്കാമരം എന്നിവയുള്‍പ്പെടെ പച്ചക്കറികളും വാഴയും എല്ലാം കുത്തി നശിപ്പിക്കുകയാണ്.
ആനശല്ല്യത്തിനെതിരെ പലപരാതികളും നല്‍കിയിരുന്നെങ്കിലും നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ആനശല്ല്യത്തില് നിന്നും രക്ഷപെടാന്‍ വൈദ്യുതി വേലി നിര്‍മ്മിക്കുമെന്ന് വനം വകുപ്പ് പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല. ആനയ്ക്കു പുറമേ കാട്ടുപോത്ത്, കരടി, പന്നി എന്നിവയുടെ ശല്ല്യവും രൂക്ഷമാണ്.
ആദിവാസി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന കാട്ടുമൃഗശല്ല്യം തടയുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമന്ന് ആദിവാസി കാണിക്കാര്‍ സംയുക്ത സംഘം സംസ്ഥാന ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.




