ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ സംവരണത്തിനായി പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തരം തിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന 2004ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി .
മുൻ ഉത്തരവിനു വിരുദ്ധമായി തീർപ്പുണ്ടായ സാഹചര്യത്തിൽ വിഷയം ഉയർന്ന വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ അഞ്ചംഗ ബെഞ്ച് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയോടു ശിപാർശ ചെയ്തു.
ഇതിനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിലയിരുത്തൽ. ഇ.വി. ചിന്നയ്യയും ആന്ധ്രപ്രദേശ് സർക്കാരുമായുള്ള കേസിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2004ൽ ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികവിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിക്കുന്നതിനായി പഞ്ചാബ് സർക്കാർ പാസാക്കിയ നിയമം ഹൈക്കോടതി റദ്ദാക്കിയതിനെതിരേയുള്ള ഹർജിയിലാണ് ഇന്നലത്തെ വിധി ഉണ്ടായത്
പട്ടികജാതി- വർഗ വിഭാഗങ്ങൾക്കുള്ള സംവരണത്തിനു മുൻഗണന ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെങ്കിൽ അവയിലെ ഉപവിഭാഗങ്ങളെ തരംതിരിച്ച് നിയമനിർമാണം നടത്താനും അധികാരമുണ്ടെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.
ശരിയായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ ഉത്തരവെന്നു ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, വിനീത് ശരണ്‍, എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് ഇന്നലെ ചൂണ്ടിക്കാട്ടി.
ഒരേ വിഷയത്തിൽ വിരുദ്ധ വിധികൾ വന്നാൽ അത് ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയാണു പതിവ്. ഈ സാഹചര്യത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിരുദ്ധ വിധികൾ ഏഴംഗത്തിൽ കുറയാത്ത ബെഞ്ച് വേണം പരിഗണിക്കാൻ. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റീസ് ഉചിതമായ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.