ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമള ഗോപാലന്‍റെ മകളാണ് കമല. ഒരു പതിറ്റാണ്ടു മുമ്പ് ശ്യാമള അമേരിക്കയിൽ വച്ച് അന്തരിച്ചു. ശ്യാമളയുടെ മകൾ കമല കാലിഫോർണിയയിൽ നിന്നുള്ള സെനറ്റർ ആയി വളരുന്നതും ഇപ്പോൾ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഡെമോക്രാറ്റുകൾക്കു വേണ്ടി കച്ച മുറുക്കുന്നതും കാണുവാൻ അവർ ഇല്ല. എല്ലാ അമേരിക്കൻ കുടിയേറ്റക്കാരെ പോലെയും കഷ്ടപ്പാടുകളുടെ പടവുകൾ താണ്ടി കടന്നുപോയ ശ്യാമളയുടെ പരിശ്രമവും ഊർജ്ജവും കമലയിൽ നിറയുന്നുണ്ട്. ബറാക് ഒബാമ , ഹിലാരി ക്ലിന്റൺ, നാൻസി പൊളോസി, ഗാബി ഗിഫർഡ്സ് – അമേരിക്കൻ ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ നേതൃത്വം നിരന്നിരിക്കുന്ന വേദിയിൽ കമല ഏറ്റവും കൂടുതൽ സമയം കൊടുത്തത് തമിഴ്നാട്ടിൽനിന്നുള്ള കുടിയേറ്റക്കാരിയായ തൻറെ അമ്മ ശ്യാമളയെ കുറിച്ച് പറയുവാനായിരുന്നു.
” ജീവിതത്തിന് അർത്ഥവും ലക്ഷ്യവും ഉണ്ടാകുന്നത് മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുമ്പോഴാണ് എന്ന് പഠിപ്പിച്ചത് അമ്മയാണ്. എൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അമ്മയാണ്. ഈ രാത്രിയിൽ അവർ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. പക്ഷെ എനിക്കറിയാം ഉയരങ്ങളിൽ എവിടെയോ ഇരുന്നുകൊണ്ട് ഈ രാത്രിയിൽ അവർ എന്നെ നോക്കുന്നുണ്ടെന്ന് “
കമലയുടെ വാക്കുകൾ കേട്ടിരുന്നവരെ വികാര ഭരിതരാക്കി.
കമലയുടെ സ്ഥാനാർത്ഥിത്വത്തെ പതിവ് ശൈലിയിൽ നേരത്തെ തന്നെ ട്രംപ് ആക്രമിച്ചിരുന്നു. പ്രസിഡണ്ട് എന്ന നിലയിൽ ഏറ്റവും രൂക്ഷമായി ട്രംപിനെ ആക്രമിച്ച സെനറ്റർമാരിൽ ഒരാളായിരുന്നു കമല. അത് മനസ്സിൽ വച്ചുകൊണ്ട് കൂടി ആണ് എതിരാളിയായ പ്രസിഡൻറ് സ്ഥാനാർത്ഥിയോട് നിങ്ങൾക്ക് ഏറ്റവുമധികം കുഴപ്പമുണ്ടാക്കാൻ പോകുന്ന ആളായിരിക്കും കമല എന്ന് മുന്നറിയിപ്പിന്റെ രീതിയിൽ പറഞ്ഞത്. ജോ ബേഡനേക്കാൾ തലവേദന ട്രംപിന് സമ്മാനിക്കാൻ പോകുന്നത് കമല തന്നെയായിരിക്കും എന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ അരങ്ങേറ്റം തന്നെ. ദുരന്തങ്ങളെ പോലും രാഷ്ട്രീയ ആയുധമാക്കുന്ന ആളാണ് ട്രംപ് എന്ന് തിരിച്ചടിച്ചു കൊണ്ടാണ് അവർ തുടങ്ങിയത് . തെരഞ്ഞെടുപ്പിന്‍റെ അവസാന ദിവസം വരെയും അമേരിക്കൻ രാഷ്ട്രീയത്തിൽ ചർച്ച ചെയ്യാൻ പോകുന്ന വിഷയം തന്നെയായിരിക്കും അത്. ഭരണ പരാജയവും കോവിഡ് ബാധയും കൊണ്ട് പൊറുതിമുട്ടിയ അമേരിക്കയിലെ സാധാരണ ജനങ്ങൾക്ക് മുമ്പിൽ ട്രംപ് നടത്താൻ പോകുന്ന ഏത് പ്രചരണ ആക്രമണവും തിരിച്ചടിയായി മാറാൻ പോവുകയാണ്. ‘ദുരന്തങ്ങളെ പോലും രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്ന ആൾ’ എന്ന കമലയുടെ വിശേഷണത്തെ മറന്നുകൊണ്ട് ഒരു പ്രചാരണത്തെയും അമേരിക്കൻ സ്വീകരിക്കാൻ പോകുന്നില്ല.
ഇത് ചരിത്രമാണ്. ഇതുവരെയുള്ള അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരിക്കലും ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥികളില്‍ ഒരു ഏഷ്യക്കാരി സ്ത്രീ വന്നിട്ടില്ല. നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായ കമല ഹാരിസ് റെക്കോർഡുകൾ എല്ലാം സ്വന്തമാക്കുകയാണ്. ഇപ്പോഴും ജ്വലിച്ചുനിൽക്കുന്ന വംശാവെറിയുടെ നാടാണ് അമേരിക്ക. വെളുത്ത വർഗ്ഗക്കാരുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞും പറയാതെയും പ്രചരിപ്പിച്ചാണ് ട്രംപ് പ്രസിഡണ്ട് പദവിയിൽ ഏറിയത്. മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാരെ ചവിട്ടി പുറത്താക്കും എന്ന പ്രചരണത്തിലൂടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച ട്രംപ് അടിസ്ഥാനപരമായി പ്രചോദിപ്പിച്ചത് വെളുത്തവന്റെ വംശവെറിയെ ആയിരുന്നു. കറുത്ത വർഗ്ഗക്കാരനും പിതൃ പരമ്പരയിൽ മുസ്ലിം ബന്ധവും ഉള്ള ബറാക് ഒബാമ ആയിരുന്നുവല്ലോ എതിരാളി. കുടിയേറ്റക്കാരൻ , വരത്തൻ എന്നൊക്കെ പറഞ്ഞാൽ കൃത്യമായ അർഥം തന്നെയാണ് അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയിൽ ഉണ്ടായിരുന്നത്.
റെഡ് ഇന്ത്യക്കാരായ ആദിവാസികളുടെ നിരവധി ഗോത്രങ്ങളെ ഞെരിച്ചമർത്തിയും കൊന്നും ഇല്ലാതാക്കിയും ഉണ്ടാക്കിയതാണ് അമേരിക്ക. എങ്കിലും അതിന്‍റെ ഉടമകള്‍ തങ്ങളാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ വെളുത്ത വർഗക്കാരനായ യൂറോപ്യൻ കുടിയേറ്റക്കാരുടെ രക്തം തിളക്കും. തിളപ്പിക്കാൻ അറിയാവുന്ന ആളായിരുന്നു ട്രംപ് . തിളപ്പിച്ചും തിളച്ചും ട്രംപ് ജയിച്ചു. രണ്ടാമൂഴത്തിന് കച്ചകെട്ടിയ റിപബ്ലിക്കൻ പാർട്ടിക്ക് വിജയം അത്ര എളുപ്പമല്ല, പ്രത്യേകിച്ച് ട്രംപ് എന്ന പ്രസിഡന്റിനെ സ്ഥാനാർഥിയാക്കി കൊണ്ട്.
ഡെമോക്രാറ്റുകളുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബിഡൻ സമർത്ഥമായ ഒരു നീക്കത്തിലൂടെ ആണ് വംശവെറിയുടെ ഭൂരിപക്ഷത്തെ കീറിമുറിക്കാൻ പോകുന്നത്. എബ്രഹാംലിങ്കൻ മുതൽ മാർട്ടിൻ ലൂഥർ കിംഗ് വരെയുള്ള കറുത്ത പക്ഷ ജനാധിപത്യ വാദികളുടെ ചിന്തകൾ ഇപ്പോൾ അമേരിക്കയിൽ കത്തി നിൽക്കുകയാണ്. വലതുപക്ഷ ചാഞ്ചാട്ടം കാട്ടിയ വോട്ടർമാർ പോലും അത്തരം മൂല്യങ്ങളെ തിരിച്ചു കൊണ്ടുവരേണ്ട സമയമാണ് എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതേസമയം കറുമ്പനായ ബരാക് ഒബാമയെ പോലെ ഒരാളെ എതിർപക്ഷത്ത് നിർത്തി വെളുത്തവൻറെ വംശ ബോധത്തെ ഏകീകരിക്കാൻ കഴിയുന്ന സാഹചര്യമില്ല ഇപ്പോള്‍. ഏഷ്യൻ വംശജയായ കമല ഹാരിസിനെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കിയതിലൂടെ ആഫ്രിക്കൻ ഏഷ്യൻ വംശജരുടെ പിന്തുണ ആണ് ഡെമോക്രാട്ടിക് പാർട്ടി ഉറപ്പിക്കുകയാണ്. വെളുത്ത വർഗക്കാരിലെ ലിബറൽ ജനാധിപത്യ ചിന്താഗതിക്കാരുടെ പിന്തുണ കൂടിയാകുന്നതോടെ വിജയം ഉറപ്പാക്കുക എന്നതാണ് ഡെമോക്രാറ്റുകളുടെ തന്ത്രം.