കൊച്ചി: ഗായകൻ വിധു പ്രതാപിനും ഭാര്യ ദീപ്തിക്കും വിവാഹ വാർഷികാശംസകൾ നേർന്ന് മലയാളത്തിൻ്റെ പ്രിയ യുവഗായിക ജ്യോത്സന.
‘ഈ ഫോട്ടം കണ്ടു നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഇതിൽ മാന്യരായി തോന്നുമെങ്കിലും സത്യം പറഞ്ഞാൽ എന്റെ രണ്ടു വശത്ത് നിൽക്കുന്ന രണ്ടെണ്ണം വെറും അലവലാതികളാണ്. എന്നാലും എന്റെ ചക്കരകളായ അലവലാതികളാണ്.’
ഈ കുറിപ്പിനോടൊപ്പം ഇൻസ്റ്റഗ്രാമിൽ സൗഹൃദം നിറയുന്ന ഒരു ചിത്രം പങ്കുവെച്ചാണ് ജ്യോത്സന എത്തുന്നത്. യുവ പിന്നണി ഗായകർ തമ്മിലുള്ള സ്നേഹത്തിനും അടുപ്പത്തിനും നിറം പകരുന്ന ഈ ചിത്രം വൈറലാകുകയാണ്.
നിറം എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനത്തോടെ ഏറെ ശ്രദ്ധിക്കട്ടെ ഗായകനാണ് വിധു പ്രതാപ്. തുടർന്ന് മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.
‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിൽ പിന്നണി പാടിക്കൊണ്ടാണ് ജ്യോത്സന സിനിമാലോകത്തെത്തിയെങ്കിലും 2002-ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലെ ‘എന്തു സുഖമാണീ നിലാവ്’ എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. വിധു പ്രതാപിനോടപ്പമുള്ള യുഗ്മഗാനമായിരുന്നു അത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.
‘സ്വപ്നക്കൂട്’ എന്ന ചിത്രത്തിലെ ‘കറുപ്പിനഴക്’, ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലെ ‘മെല്ലെയൊന്നു പാടൂ’, ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ‘മെഹറുബാ’ എന്നിവ ജ്യോത്‌സ്നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്