പാലക്കാട് വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒടുകൂര്‍ വൃദ്ധസദനം ഉദ്ഘാടനം കെ.ഡി. പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു

പാലക്കാട് : വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ 35 ലക്ഷം രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ ഒടുകൂര്‍ വൃദ്ധസദനത്തിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. അശരണരായ വയോധികര്‍ക്ക് വണ്ടാഴിയില്‍ ആരംഭിക്കുന്ന വൃദ്ധസദനം ഏറെ ആശ്വാസകരമായി മാറുമെന്ന് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കെ.ഡി പ്രസേനന്‍ എംഎല്‍എ പറഞ്ഞു. പ്രായമെത്തുന്നതോടെ വൃദ്ധര്‍ ഒറ്റപ്പെടുന്നത് ഇന്നിന്റെ മാത്രം പ്രത്യേകതയല്ല. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പോലും ഇവര്‍ ഒറ്റപ്പെടുന്ന ദുരവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ ഒറ്റപ്പെടുന്ന വയോധികര്‍ക്ക് ഇത്തരത്തിലുള്ള വൃദ്ധസദനങ്ങള്‍ കൈത്താങ്ങായി മാറുമെന്നത് ഏറെ അഭിമാനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീടുകളിലുള്ളതു പോലുള്ള അന്തരീക്ഷമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. വൃദ്ധര്‍ക്കാവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളും വാഹനസൗകര്യവും ഭാവിയില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്‍ അധ്യക്ഷനായി.

നെന്മാറ ബ്ലോക്ക് പഞ്ചായത്തും വണ്ടാഴി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് വൃദ്ധസദനം ഒരുക്കിയിരിക്കുന്നത്. പത്ത് പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളോടുകൂടിയ ഇവിടെ  ഓരോരുത്തര്‍ക്കും കട്ടില്‍, അലമാര എന്നിവ പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒടുകൂര്‍ വൃദ്ധസദനത്തില്‍ നടന്ന പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്  അംഗങ്ങള്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7236/old-age-home-inauguration-odoor-.html

Share
അഭിപ്രായം എഴുതാം