ന്യൂഡല്‍ഹി: പ്രായപൂർത്തിയാവാത്ത പതിനാറുകാരനായ ആൺകുട്ടിയെ ഇരുപത്തിരണ്ടുകാരൻ കുത്തിക്കൊന്നു. ചൊവ്വാഴ്ച 18-08-2020 ന് ദക്ഷിണ ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം നടന്നത്. ഫാറൂഖ് (22) ആണ് കൊല നടത്തിയത്.
16കാരൻ അച്ഛനോടും സഹോദരനോടും കൂടി ഇഷ്ടികകൾ കൂട്ടി വയ്ക്കുകയായിരുന്നു. അതിനിടെ ഒരു ഇഷ്ടിക താഴെ വീണു. കടയുടെ വെളിയിൽ വെച്ചിരുന്ന ട്രെയിലിലെ മുട്ട പൊട്ടി. രണ്ടു വിഭാഗവും തമ്മിൽ തർക്കമായി. നഷ്ടപരിഹാരം നൽകാമെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞതോടെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായി.
എന്നാൽ കടയുടമയുടെ മകൻ തിരികെ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. വാക്കേറ്റത്തിനിടെ പ്രതി 16കാരനെ കത്തിയെടുത്തു കുടുംബം നോക്കി നിൽക്കേ കുത്തിവീഴ്ത്തി. കുട്ടിയെ അടുത്തുള്ള മജീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കടയിൽ വച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മരിച്ചുപോയ കുട്ടിയുടെ സഹോദരൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ ദില്ലിയിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അതുൽ കുമാർ താക്കൂർ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.