കശ്മീര്‍ വിഷയത്തില്‍ സൗദിയ്ക്കെതിരെ ഭീഷണി മുഴക്കി പണി വാങ്ങി പാകിസ്താന്‍: വഷളായ ബന്ധം ശരിയാക്കാന്‍ പാക് സൈനീക മേധാവി സൗദിയിലെത്തി

ഇസ്ലാമാബാദ്: പാക് വിദേശകാര്യ മന്ത്രി ഷാ മൊഹമ്മദ് ഖുറേഷി സൗദി അറേബ്യയ്ക്കെതിരെ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വഷളായി തുടങ്ങിയ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കാന്‍ പാക് സൈനീക മേധാവി സൗദിയിലെത്തി. ആര്‍മി മേധാവി ഖമര്‍ ജാവേദ് ബജ്വ സൗദി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സൗദിയിലെത്തിയത്.

അടുത്തിടെ നടന്ന ചാനല്‍ പരിപാടിയില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മൊഹമ്മദ് ഖുറേഷി സൗദി അറേബ്യയ്ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത്.
കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നെന്നും ഇതിനെ അപലപിക്കാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ (ഒഐസി) യോഗം വിളിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സൗദി ഇതിനോട് താത്പര്യം പ്രകടിപ്പിച്ചില്ല. ഇന്ത്യയുമായുള്ള അടുത്ത ബന്ധത്തെയും വ്യാപാര ഇടപാടുകളെയും പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങള്‍ക്കില്ലെന്നായിരുന്നു സൗദിയുടെ നിലപാട്. ക്ഷുഭിതനായ ഖുറേഷി നിങ്ങള്‍ക്കു പറ്റില്ലെങ്കില്‍ ഒഐസി യോഗം വിളിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെടുമെന്നു ഭീഷണി മുഴക്കി. 57 അംഗ ഒഐസിയില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനൊപ്പം നില്‍ക്കുന്ന രാജ്യങ്ങളെ മാത്രമാകും യോഗത്തിനു ക്ഷണിക്കുകയെന്നും ഖുറേഷി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ക്വലാലംപുരില്‍ ഇറാന്‍, മലേഷ്യ, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ സൗദിവിരുദ്ധ കൂട്ടായ്മ യോഗം ചേര്‍ന്നിരുന്നു.

വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സൗദി പാകിസ്താന് വായ്പയായി എണ്ണ നല്‍കുന്ന ധാരണ പിന്‍വലിച്ചു. പിന്നീട് കടമായി വാങ്ങിയ പണം സൗദി തിരിച്ച് ആവശ്യപ്പെട്ടത് പാകിസ്താനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. വീണ്ടും രാജ്യത്തിനെതിരെ സൗദി കൂടുതല്‍ നീക്കം നടത്താന്‍ ഒരുങ്ങുന്നതായുള്ള സൂചനകള്‍ പുറത്തു വന്നതോടെയാണ് സൈനിക മേധാവിയെ അയക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →