ചാമ്പ്യൻസ് ലീഗിൽ വീണ്ടും അട്ടിമറി, അത്ലറ്റിക്കോ വീണു, ലെപ്സിഗ് സെമിയിൽ

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് കരുത്തൻമാരായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി ജർമൻ ടീമായ ലെപ്സിഗ് സെമിയിൽ പ്രവേശിച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലെപ്സിഗിന്റെ അട്ടിമറി വിജയം. ചാമ്പ്യൻസ് ലീഗിൽ ക്ലബിന്റെ ആദ്യ ക്വാർട്ടർ മൽസര വിജയമാണിത്.

മികച്ച അറ്റാക്കിംഗ് പുറത്തെടുത്ത ലെപ്സിഗിനെതിരെ അത്ലറ്റിക്കോയുടെ ഡിഫന്‍സ് തുടക്കം മുതല്‍ പാളിയിരുന്നു. ആദ്യ പകുതിയില്‍ ഗോളൊന്നും ഉണ്ടായില്ല എങ്കിലും കൂടുതല്‍ സമയം പന്ത് കൈവശം വച്ചതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതുമെല്ലാം ലെപ്സിഗ് തന്നെ ആയിരുന്നു.

രണ്ടാം പകുതിയില്‍ ആദ്യം തന്നെ ലെപ്സിഗ് ലക്ഷ്യം കണ്ടു. 51-ാം മിനുട്ടില്‍ സബിസറിന്റെ ക്രോസില്‍ നിന്ന് മനോഹരമായ ഒരു ഹെഡറിലൂടെ ഓല്‍മോ വല കുലുക്കി. താരത്തിന്റെ ലെപ്സിഗിനായുള്ള ആദ്യ ചാമ്ബ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്.

പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്സ് ഇറങ്ങിയതോടെ അത്ലറ്റിക്കോ മാഡ്രിഡും അറ്റാക്ക് തുടങ്ങി.

71ആം മിനുട്ടില്‍ കിട്ടിയ പെനാള്‍ടി ഫെലിക്സ് ഗോളാക്കിയതോടെ അത്ലറ്റിക്കോ സമനില പിടിച്ചു. സമനില ഗോളിന് ശേഷം രണ്ട് ടീമുകളും വിജയ ഗോളിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 87ആം മിനുട്ടില്‍ സബ്ബായി ഇറങ്ങിയ അമേരിക്കന്‍ താരം ടെയ്ലര്‍ ആഡംസ് ലെപ്സിഗിനെ 2-1 എന്ന സ്കോറിന് മുന്നില്‍ എത്തിച്ചു. ആഡംസിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ട് അത്കറ്റിക്കോ ഡിഫന്‍സിന്റെ കാലില്‍ തട്ടി ദിശ മാറി നേരെ വലയിലെത്തുകയായിരുന്നു. പ്രതിരോധത്തിലെ പാളിച്ചകൾ അങ്ങനെ അത്ലറ്റിക്കോയ്ക്ക് ചാമ്പ്യൻസ് ലീഗിന്റെ പുറത്തേക്കുള്ള വഴി തുറന്നു കൊടുത്തു.

സെമിയില്‍ പി എസ് ജിയെ ആകും ലെപ്സിഗ് നേരിടുക.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →