പണത്തിനും സുഖത്തിനും വേണ്ടിയുള്ള രക്തദാഹം ജന്മ ബന്ധങ്ങൾക്ക് നേരെയും ; കാസർക്കോട് മാതാപിതാക്കള്‍ക്കും സഹോദരിക്കും ഐസ്ക്രീമിൽ വിഷം നൽകിയ യുവാവ് കസ്റ്റഡിയിൽ. സഹോദരിക്ക് ദാരുണാന്ത്യം. അച്ഛനും അമ്മയും മരണത്തോടു മല്ലടിക്കുന്നു

കാസർക്കോട്: ഐസ്ക്രീമിൽ വിഷം ചേർത്ത് സഹോദരിക്കും മാതാപിതാക്കൾക്കും നൽകിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കോട് ബ്ളാലിനടുത്ത് അരിങ്കല്ലിൽ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16) ആണ് മരണമടഞ്ഞത്. സഹോദരൻ ആൽബിൻ (22) ആണ് അരുംകൊലയ്ക്ക് പിന്നിൽ എന്ന് പോലീസ് പറഞ്ഞു. ആൽബിന്‍റെ പിതാവ് ബെന്നി, മാതാവ് ബെസി എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ഓഗസ്റ്റ് അഞ്ചാം തീയതി ആയിരുന്നു ആൻമേരി ആശുപത്രിയിൽ മരണമടഞ്ഞത് . മഞ്ഞപിത്തം മൂലമുള്ള മരണം എന്നാണ് ആദ്യം കരുതിയത്. ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. പോസ്റ്റുമോർട്ടത്തിൽ എലി വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് കണ്ടെത്തി.

ആൻമേരിയുടെ മരണത്തിന് ഒരാഴ്ച മുമ്പാണ് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയത്. ഉണ്ടാക്കിയ അന്നുതന്നെ ബെന്നിയും ബെസ്സിയും ധാരാളം ഐസ്ക്രീം കഴിച്ചു. പിറ്റേ ദിവസമാണ് ആൻമേരി ഐസ്ക്രീം കഴിച്ചത്.

പിറ്റേദിവസം മുതൽ ആൻമേരിയ്ക്ക് വയറിളക്കവും ചർദ്ദിയും തുടങ്ങി. സാധാരണ വയറിളക്കം ആണെന്ന് കരുതി കട്ടൻ ചായയിൽ നാരങ്ങനീര് ചേർത്ത് കഴിച്ച് ഒരു ദിവസം വീട്ടിൽ കഴിഞ്ഞു. രണ്ടാം ദിവസം രോഗം കൂടുതൽ വഷളായതോടെ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. കരളിൻറെ പ്രവർത്തനങ്ങൾ മന്ദീഭവിച്ച് ഗുരുതരാവസ്ഥയിലായ ആൻമേരി ഓഗസ്റ്റ് അഞ്ചാംതീയതി മരിച്ചു. ആൻമേരിയെ ആശുപത്രിയിലെത്തിച്ച് തൊട്ടടുത്ത ദിവസം തന്നെ ബെന്നിയും മെസ്സിയും വയറുവേദനയും ഛർദിയും വയറിളക്കവുംകൊണ്ട് അവശരായി. ഇതേ ലക്ഷണങ്ങളോടെ ആൽബിനും ആശുപത്രിയിലെത്തി.

ഭക്ഷ്യവിഷബാധ എന്നാണ് ഡോക്ടർമാർ ആദ്യം വിലയിരുത്തിയത്. ആൽബിൻ രോഗമുണ്ടെന്ന് പറഞ്ഞുവെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. ആൻ മേരിയുടെ മരണത്തോടെ വീട് പോലീസ് സീൽ ചെയ്തു. പരിസരത്ത് നടത്തിയ തിരച്ചിലിൽ എലി വിഷത്തിന്റെ കൂട് കണ്ടെത്തിയിരുന്നു. ഭക്ഷ്യവിഷബാധ ആയിരിക്കാം എന്ന് ഡോക്ടർമാർ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പോസ്റ്റുമോർട്ടം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ എലിവിഷം ഉള്ളിൽച്ചെന്ന് കരളിൻറെ പ്രവർത്തനങ്ങൾ തകരാറിലായതാണ് മരണകാരണമെന്ന് വ്യക്തമായി. ഇല്ലാത്ത രോഗം ഉണ്ടെന്ന് നടിച്ച് ആശുപത്രിയിൽ പ്രവേശിച്ച ആൽബിനെ വിശദമായി ചോദ്യം ചെയ്തതോടെ അയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ മാസം 29-നാണ് വെള്ളരിക്കുണ്ടിലെ കടയില്‍ നിന്ന് എലിവിഷം വാങ്ങിയതെന്ന് ആല്‍ബിന്‍ പറഞ്ഞു.

സംഭവത്തിന് ഒരാഴ്ച മുമ്പ് ചിക്കന്‍ കറിയില്‍ വിഷം കലർത്തിയിരുന്നു. വിഷത്തിന്‍റെ അളവ് കുറവായതിനാല്‍ ചെറിയ വയറുവേദനയില്‍ കലാശിച്ചു. പിന്നീട് ഗൂഗിളില്‍ തപ്പി മനസിലാക്കിയാണ് വീട്ടിലുണ്ടാക്കിയ ഐസ്ക്രീമില്‍ വിഷം കലർത്തിയത്. കഴിഞ്ഞമാസം 29-ന് വിഷം വാങ്ങി. 30-ന് വീട്ടില്‍ ഐസ്ക്രീം ഉണ്ടാക്കി. പകുതി ഫ്രീസറില്‍ വച്ചു പകുതി ഫ്രിഡ്ജില്‍ കാഴത്തെ തട്ടിലും. ഫ്രീസറില്‍ വച്ചിരുന്ന ഐസ്ക്രീം വീട്ടിലെല്ലാവരും ചേർന്ന് കഴിച്ചു. പിറ്റേന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് താഴത്തെ തട്ടിലെ ഐസ്ക്രീമില്‍ വിഷം കലർത്തി ഫ്രീസറില്‍ വച്ചു. തൊണ്ടവേദനയെന്നു പറഞ്ഞ് ഐസ്ക്രീം കഴിക്കുന്നതില്‍ നിന്ന് ഒഴിവായി. അമ്മയെ നിർബന്ധിച്ച് കഴിപ്പിച്ചു.

മാതാപിതാക്കളും മൂന്നു മക്കളും അടങ്ങിയതാണ് കുടുംബം. ആൽബിന്‍റെ സഹോദരൻ താമരശ്ശേരിയിൽ വൈദിക വിദ്യാർത്ഥിയാണ്. ആല്‍ബിനും വൈദീകപഠനത്തിന് പോയിരുന്നു. അത് ഉപേക്ഷിച്ച് തമിഴ്നാട്ടില്‍ കമ്പത്ത് ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ലോക്ക്ഡൌണ്‍ സമയത്താണ് വീട്ടിലേക്ക് വന്നത്. വൈദീക വിദ്യാർഥിയായ സഹോദരനൊഴികെ മുഴുവൻ കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്തിയിരുന്നു ആൽബിന്റെ ലക്ഷ്യമെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായിരുന്നു ഇയാൾ.പല സ്ത്രീകളുമായും അനാശാസ്യ ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സഹോദരി ആൻമേരിയുടെ മോശമായ വിധത്തിൽ ഇടപെട്ടിട്ടുണ്ട്.ഇത് പുറത്തു പറയുകയോ മാതാപിതാക്കളെ അറിയിക്കുകയോ ചെയ്യും എന്ന് അയാൾ ഭയപ്പെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരം പണം കൈകാര്യം ചെയ്ത് ജീവിക്കുന്നതിനു വേണ്ടിയാണ് സഹോദരിയേയും മാതാപിതാക്കളേയും കൊലപ്പെടുത്താൻ ശ്രമിച്ചത്.

ആൽബിൻറെ അമ്മ ബെസി കണ്ണൂർ മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് ഉള്ളത്. ബെന്നിയെ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കരളിന്റേയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായ ഇദ്ദേഹത്തിൻറെ നില അതീവ ഗുരുതരമാണ്. ആല്‍ബിന്‍ പോലീസ് കസ്റ്റഡിയിലാണ്. നാളെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും.

Share
അഭിപ്രായം എഴുതാം