കൊച്ചി: കൂടത്തായി പരമ്പരക്കെതിരെ കൂടത്തായി സ്വദേശി മുഹമ്മദ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2020 ജനുവരി 13-ന് ഫ്ളവേഴ്സ് ചാനലില്‍ തുടങ്ങാനിരുന്നതാണ് കൂടത്തായി എന്ന പരമ്പര. ഈ സീരിയലിന്‍റെ സംപ്രേക്ഷണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കൂടത്തായി കേസിലെ ഒരു സാക്ഷി മുഹമ്മദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് സംപ്രേക്ഷണം ആരംഭിക്കുന്നത് കോടതി തടഞ്ഞിരുന്നു.
യഥാർത്ഥ സംഭവങ്ങൾ അടിസ്ഥാനമാക്കിയാണ് സീരിയൽ എന്നും ഇത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചത്. സീരിയൽ സംപ്രേഷണം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ പരമ്പരയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആളുകളുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിപ്പായി സീരിയലില്‍ പറയുന്നുണ്ട്. ഇതൊരു സാങ്കൽപിക കഥ മാത്രമാണ്. ഇത് തടയുന്നതിന് കോടതിയിലെ വിവേചനാധികാരം ഉപയോഗിക്കാനാകില്ല എന്ന് ജസ്റ്റിസ് ടിവി അനിൽകുമാറിന്റെ ഉത്തരവിൽ പറയുന്നു. ഹർജിക്കാരൻ കോടതിയെ സമീപിച്ചത് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ്. സംഭവത്തിലെ യഥാർത്ഥ ചിത്രം ഹർജിക്കാരൻ തന്നെ പല മാധ്യമങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വശങ്ങളെല്ലാം കണക്കിലെടുത്താണ് കേസിൽ വാദം കേട്ട കോടതി ഹർജി തള്ളിയത് .



