കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനത്തിൻറെ പൈലറ്റ് ദീപക് വസന്ത് സാഥേ 32 വർഷത്തിന് പരിചയസമ്പത്ത് ഉള്ള ആളായിരുന്നു. 22 വർഷം വ്യോമസേനയിലും റിട്ടയർ ചെയ്ത ശേഷം പത്തുവർഷം യാത്ര വിമാനങ്ങൾ പറത്തുന്നതിലും അപകടരഹിതവും വിദഗ്ധവുമായ സേവന പാരമ്പര്യം ഉള്ള ആളായിരുന്നു ദിപക് വസന്ത് സാഥെ.
22 വര്‍ഷം എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്തു. സ്ക്വാഡ്രണ്‍ ലീഡറായിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 58-ാം റാങ്കുകാരനായിരുന്നു. പ്രത്യേക ബഹുമതിയും നേടി. 2003-ല്‍ റിട്ടയര്‍ ചെയ്തതിനുശേഷം കൊമേഴ്‌സ്യല്‍ പൈലറ്റായി വിമാനം പറത്തുന്നത് തുടര്‍ന്നു. എയര്‍ ഇന്ത്യയ്ക്കു വേണ്ടി ബോയിംഗ് വിമാനങ്ങളും പറത്തിയിരുന്നു ഈ പരിചയസമ്പന്നന്‍. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ടെസ്റ്റ് പൈലറ്റുമായിരുന്നു.
എന്നാൽ കരിപ്പൂരിന്റെ ആകാശത്തിൽ അത് എല്ലാം വിഫലമായി എന്നു പറയാനാവില്ല. അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല എങ്കിൽ പോലും ആളപായം ഈ നിലയിലെങ്കിലും പിടിച്ചുനിർത്താൻ കഴിഞ്ഞത് പൈലറ്റിന്‍റെ സമചിത്തതയും പരിചയ സമ്പന്നതയും കൊണ്ടാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കരിപ്പൂർ സുരക്ഷിതമായി വിമാനമിറക്കാൻ ബുദ്ധിമുട്ടുള്ള വിമാനത്താവളമാണ്. ടേബിൾ ടോപ് എയർപോർട്ട് എന്നാണ് ഇത്തരം വിമാനത്താവളങ്ങളെ വിളിക്കുന്നത്. ഒരു മേശ പോലെ ചുറ്റിലും താഴ്ന്ന പ്രദേശങ്ങൾ ഉള്ള വിമാനത്താവളങ്ങളെ ആണ് ടേബിൾ ടോപ് വിമാനത്താവളം എന്ന് വിളിക്കുന്നത്. രണ്ട് മലകളുടെ മുകൾഭാഗം വെട്ടി നിരത്തി നടുവിലുള്ള കുഴി നികത്തിയാണ് ഇത്തരം വിമാനത്താവളങ്ങൾ നിർമ്മിക്കുന്നത്. പൈലറ്റിന്‍റെ കാഴ്ചയെ കബളിപ്പിക്കുന്ന വിമാനത്താവളങ്ങൾ ആണ് ഇവ. ഇത്തരം വിമാനം ഇറക്കി പരിചയമുണ്ടോ എന്ന് കമ്പനികൾ പറക്കലിന് മുമ്പ് പരിശോധിച്ചിരിക്കും. റൺവേയുടെ നീളം കണക്കു കൂട്ടുന്നതിലാണ് പൈലറ്റുമാർക്ക് പിഴവ് വരുന്നത്. മോശം കാലാവസ്ഥയിൽ പറയാനുമില്ല. കരിപ്പൂരിൽ റൺവേയിൽ മുൻപോട്ട് മാറിയാണ് വിമാനം ലാൻഡ് ചെയ്തത്. ഓടി തീരുന്നതിനു മുമ്പേ റൺവേ തീരുകയും വിമാനത്താവളത്തിനു പുറത്തേക്ക് വിമാനം കുതിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇത് സൃഷ്ടിച്ചത്. വിമാനം നിർത്താൻ ശ്രമിക്കുന്നതിലെ ബാലൻസിങ് ആണ് ഈ ഘട്ടത്തിൽ പ്രധാനം. ഒറ്റയടിക്ക് ടയറുകൾ ലോക്കായാൽ തറയിൽ ഇടിച്ച് ഉരഞ്ഞ് തീപിടിക്കും. കൂടുതൽ മുൻപോട്ടു വിട്ടാൽ വിമാനത്താവളവും കടന്ന് പുറത്തുചാടി ഇടിച്ച് അപകടത്തിന്റെ രൂക്ഷത കൂടും. ഇതിന് രണ്ടിനുമിടയിൽ അവസാനനിമിഷം വരെ സംയമനത്തോടെ ബാലൻസ് ചെയ്ത് വിമാനത്തെ നിയന്ത്രിച്ചതുകൊണ്ടാണ് 191 പേരുമായി വന്ന വിമാനത്തിനു സംഭവിച്ച അപകടം വൻ ദുരന്തമായി മാറാതിരുന്നത് എന്നാണ് വിമാന അപകടങ്ങളെ കുറിച്ച് പഠിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെട്ടത്. മോശം കാലാവസ്ഥയാണ് ക്യാപ്റ്റനെ ചതിച്ചത്. കനത്ത മഴ പെയ്തു കൊണ്ടിരിക്കുകയാണ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. റൺവേയുടെ സ്ഥാനം കണക്കു കൂട്ടുന്നതിൽ പിഴവ് സംഭവിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിനു ശേഷം വിദഗ്ധർ പറയുന്നത്. രക്ഷാപ്രവർത്തകർ കോക്ക്പിറ്റിൽ നിന്നും പുറത്തെടുക്കുമ്പോൾ ദീപക് വസന്ത് മരിച്ചിരുന്നു. സഹപൈലറ്റ് ആശുപത്രിയിൽ വച്ചും.

