കൊച്ചി: കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസില്‍ കോവിഡ് രോഗബാധിതന്‍ യാത്രചെയ്തു. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തൃശൂരിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം ലഭിച്ചത്. ഉടന്‍ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും എറണാകുളം റെയില്‍വേ സ്റ്റേഷനില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. രോഗിയെ തിരിച്ചറിഞ്ഞതോടെ ഇദ്ദേഹം യാത്രചെയ്തതടക്കം മൂന്ന് കംപാര്‍ട്ട്‌മെന്റുകള്‍ സീല്‍ ചെയ്തു. ഇദ്ദേഹത്തിനൊപ്പം യാത്രചെയ്ത മൂന്നുപേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
മൂന്ന് ദിവസംമുമ്പ് ശാരീരികാസ്വാസ്ഥ്യം തോന്നിയതിനാലാണ് സ്രവം പരിശോധനയ്ക്ക് എടുത്തത്. കോവിഡ് റിസള്‍ട്ട് വരുന്നതിനുമുമ്പ് യാത്ര പുറപ്പെടുകയായിരുന്നു. ഭാര്യയെ പ്രസവത്തിനായി തിരുവനന്തപുരത്ത് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനെ തുടര്‍ന്നാണ് യാത്രയ്ക്ക് തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് യാത്രക്കാരനെ ഇറക്കിയ എറണാകുളം സൗത്ത് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി. തിരുവനന്തപുരത്തെത്തിയശേഷം ട്രെയിനും അണുവിമുക്തമാക്കും.



