റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചികിത്സയ്ക്കായുള്ള ഓണ്‍ലൈന്‍ ചാരിറ്റി ഫണ്ട് പിരിവ്; പുതിയ ഒരു വിവാദം കൂടി

July 23, 2020 - 1:37 pm

കൊച്ചി: കേരളം എന്നും വിവാദങ്ങളുടെ തോഴിയാണെന്നു പറയാറുണ്ട്. എന്തിനും ഏതിനും വിവാദം ഉണ്ടാക്കിക്കളയും. ഇത്തരം വിവാദങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നുകൂടി. ഓണ്‍ലൈന്‍ ചാരിറ്റിയാണ് ഇപ്പോഴത്തെ താരം. ഏതെങ്കിലും നിര്‍ധന കുടുംബത്തിലെ അംഗം മാരകരോഗമായി ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ഓണ്‍ലൈന്‍ ചാരിറ്റി സംഘങ്ങള്‍ അവിടെ വട്ടമിട്ടുപറക്കുകയായി.

തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടെന്നും അതില്‍ക്കൂടി ഒരു അഭ്യര്‍ഥന നടത്തിയാല്‍ ലക്ഷക്കണക്കിന് രൂപ ലഭിക്കുമെന്നും ആദ്യമേ തന്നെ ഇരയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇവരുടെ പേരില്‍ തൊട്ടടുത്ത ബാങ്കില്‍ ഒരു അക്കൗണ്ടും തുറക്കുന്നു. അവരുടെ ദയനീയാവസ്ഥ വിവരിച്ച് ലൈവ് വീഡിയോ ഇട്ടിട്ട് തുടര്‍ന്നങ്ങോട്ട് വന്‍ പണപ്പിരിവാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇത്തരക്കാര്‍ നന്മമരമെന്ന ചെല്ലപ്പേരുതന്നെ സ്വയം നിര്‍മിച്ചെടുത്തിട്ടുണ്ട്.

നന്മമരത്തിന്റെ ശിപാര്‍ശ വിശ്വസിച്ച് അക്കൗണ്ടിലേക്ക് പണത്തിന്റെ ഒഴുക്കായി പിന്നെ. അഞ്ഞൂറും ആയിരവും വച്ച് ആഴ്ചകള്‍കൊണ്ട് അക്കൗണ്ടിലെ തുക ലക്ഷങ്ങളും കഴിഞ്ഞ് ചിലപ്പോള്‍ കോടികളാവുന്നു. ആശുപത്രി ബില്‍തുക കഴിച്ച് മിച്ചംവരുന്ന തുക തങ്ങളെ ഏല്‍പ്പിക്കണമെന്നും ഇതേമാതിരി രോഗികളായവര്‍ വേറെ ഉണ്ടെന്നുപറഞ്ഞ് അധികമുള്ള പണം നന്മമരങ്ങള്‍ വാങ്ങിയെടുക്കുന്നു. ഇങ്ങനെ പല കേസുകളിലായി ആവര്‍ത്തിക്കുന്നതോടെ നന്മമരം വളരുകയും വലിയൊരു വടവൃക്ഷമായി മാറുകയും ചെയ്യുന്നു. നന്മമരങ്ങളുടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കുതര്‍ക്കങ്ങളും കശപിശകളും മൂലം ആശുപത്രി പരിസരങ്ങള്‍തന്നെ കലാപഭൂമിയാകുന്ന സ്ഥിതിവിശേഷങ്ങളുമുണ്ട്.

ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയും വിവാദവുമായത് മാതാവിന്റെ ചികിത്സയ്ക്ക് സഹായമഭ്യര്‍ഥിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ ലൈവ് വരുകയും ചികിത്സയ്ക്ക് ആവശ്യമായതിലും കൂടുതല്‍ തുക അക്കൗണ്ടില്‍ വരുകയും ചെയ്തതോടെയാണ്. അധികമായി വന്ന തുക തങ്ങളെ ഏല്‍പ്പിക്കണമെന്ന് നന്മമരം അറിയിച്ചെങ്കിലും യുവതി തയ്യാറായില്ല. മാതാവിന്റെ ചികിത്സ പൂര്‍ത്തിയായില്ലെന്നും തുക ഇനിയും വേണ്ടിവരുമെന്നും പറഞ്ഞു. ഇത് ചെവിക്കൊള്ളാതെ നന്മമരവും സഹായിയും ഭീഷണിപ്പെടുത്തിയെന്ന് യുവതി സോഷ്യല്‍മീഡിയയില്‍ കണ്ണീരോടെ ലൈവ് വന്ന് പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് കേസെടുത്ത് നന്മമരത്തെ ചോദ്യം ചെയ്തു.

പിരിഞ്ഞുകിട്ടുന്ന പണത്തിന്റെ സിംഹഭാഗവും അടിച്ചുമാറ്റുന്ന ഇത്തരം വിരുതന്മാര്‍ കാരണം യഥാര്‍ഥ ചാരിറ്റി പ്രവര്‍ത്തകരെ സംശയിക്കുന്ന സ്ഥിതിയുണ്ട്. ആളുകളുടെ ദാനശീലത്തെ ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നിയമനിര്‍മാണം ഉണ്ടാവണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *