കൊച്ചി: മാതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയില്‍ പങ്ക് ആവശ്യപ്പെട്ട് വര്‍ഷ എന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യംചെയ്തു. എറണാകുളം എ സി പി. കെ ലാല്‍ജിയുടെ നേതൃത്വത്തിലാണ് ഫിറോസിനെ ചോദ്യംചെയ്തത്.
10 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വര്‍ഷയുടെ മാതാവിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കാമെന്നും ചികിത്സ കഴിഞ്ഞ് മിച്ചം വരുന്ന തുകയില്‍ ഒരു വിഹിതം മറ്റ് നിര്‍ധനരായ ആളുകള്‍ക്കു നല്‍കാനായി തന്റെ പക്കല്‍ ഏല്‍പ്പിക്കണമെന്ന് ധാരണയുണ്ടായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. യുവതിയെ വിളിച്ചതായും അധികമായി ലഭിച്ച തുക ആവശ്യപ്പെട്ടതായും ഫിറോസ് സമ്മതിച്ചു. എന്നാല്‍, ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു.
ഫിറോസ് പറഞ്ഞ വിവരങ്ങള്‍ സത്യമാണോയെന്നു പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യും. വര്‍ഷയുമായി ഇത്തരത്തില്‍ ധാരണയുണ്ടായിരുന്നോയെന്നും പരിശോധിക്കും. വര്‍ഷയെ ഭീഷണിപ്പെടുത്തിയ മറ്റ് ആളുകളെ ഇതോടൊപ്പം ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ എത്തിയിരുന്നു. ഇതില്‍ വിഹിതം ആവശ്യപ്പെട്ടാണ് പ്രതികള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ആയിരക്കണക്കിന് വ്യക്തികള്‍ ബാങ്ക് വഴിയാണ് പണം അയച്ചിട്ടുള്ളത്. 100 മുതല്‍ 5000 രൂപവരെയുള്ള തുകകളാണ് അയച്ചിരിക്കുന്നത്. ഇതിനാല്‍ ഹവാല ഇടപാട് ഇതിന്റെ പിന്നില്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നില്ല.



