തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിവിധ ജില്ലകളിൽ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ തീരമാകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തീരദേശമാകെ കൊടും പട്ടിണിയിലാണ്. മീൻ പിടിത്തമല്ലാതെ മറ്റൊരു ഉപജീവമാർഗ്ഗം ഇല്ലാതെ ബുദ്ധിമുട്ടുന്ന തീരദേശവാസികളെ സർക്കാർ സംരക്ഷിക്കുന്നില്ലെങ്കിൽ കോവിഡിന് പുറമെ മറ്റൊരു പട്ടിണി ദുരന്തം നേരിടേണ്ടതായും വരുമെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി പീറ്റർ, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ എന്നിൽ പ്രസ്താവിച്ചു.
മത്സ്യതൊഴിലാളികൾ, മത്സ്യവിപണന സ്ത്രീകൾ, മത്സ്യഅനുബന്ധ തൊഴിലാളികൾ, തീരദേശങ്ങളിലെ ഇതര കച്ചവടക്കാർ തുടങ്ങിയവരുടെ പട്ടിണി മാറ്റാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം. ഏ പി എൽ – ബി പി എൽ വ്യത്യസമില്ലാതെ തീരദേശ വാസികൾക്കെല്ലാം ഒരു മാസത്തേക്ക് എങ്കിലും സൗജന്യറേഷനും പലവ്യഞ്ജന കിറ്റും നൽകാൻ സർക്കാർ തയ്യാറാകണം. ഈ കാലയളവിൽ മീൻ പിടിത്തത്തിലൂടെ ലഭിക്കുന്ന വരുമാനം സ്വരൂപിച്ചാണു വരും നാളുകളിലെ വറുതി സമയങ്ങളിലെ പട്ടിണി മാറ്റാറുള്ളത്. മീൻ പിടിത്ത സമൂഹത്തിന്‍റെ പ്രതീക്ഷകൾ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. ഈ ജനവിഭാഗത്തിൻറെ കണ്ണീരൊപ്പാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.
ഈ അടിയന്തിര ഘട്ടത്തിൽ തീരപ്രദേങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുവാൻ ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകുകയാണ് വേണ്ടത്.
കോവിഡ് വ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകരുടെയും ജില്ലാ ഭരണകൂടത്തിൻറെയും പോലീസ് അധികാരികളുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ മത്സ്യതൊഴിലാളി സമൂഹം ഒന്നടങ്കം സഹകരിക്കണമെന്നു ടി പീറ്റർ, ജാക്സൺ പൊള്ളയിൽ എന്നിവർ അഭ്യർത്ഥിച്ചു.
ടി.പീറ്റർ
ദേശീയ ജനറൽ സെക്രട്ടറി, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം,8289905239
ജാക്സൺ പൊള്ളയിൽ
സംസ്ഥാന പ്രസിഡൻറ്കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ,702583 1585

