തിരുവനന്തപുരം: മാതാവിന്റെ കൈയില്‍നിന്നു വഴുതി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കൈക്കുഞ്ഞിന് രക്ഷകനായി പതിനേഴുകാരന്‍. കടയ്ക്കാവൂര്‍ ചാവടിമുക്ക് പുതുശ്ശേരിമഠത്തില്‍ ഷാജിയുടെയും ചന്ദ്രികയുടെയും മകന്‍ ഷൈജുവാണ് സാഹസികമായി പിഞ്ചുകുഞ്ഞിനെ കിണറ്റില്‍നിന്നു മുങ്ങിയെടുത്ത് കരയ്‌ക്കെത്തിച്ചത്. 30 അടി ആഴമുള്ള കിണറ്റില്‍നിന്നാണ് ഷൈജു കുഞ്ഞിനെ രക്ഷിച്ചത്.
കടയ്ക്കാവൂര്‍ ചാവടിമുക്കിനു സമീപം നമ്പ്യാതിവിളയില്‍ ബിജുവിന്റെയും രമ്യാ കൃഷ്ണന്റെയും മൂന്നുമാസം പ്രായമുള്ള മകന്‍ കാശിനാഥനാണ് കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. രമ്യയുടെ നിലവിളികേട്ട് ഓടിയെത്തിയ ഷൈജു കിണറ്റിലേക്ക് എടുത്തുചാടി വെള്ളത്തില്‍നിന്ന് കുഞ്ഞിനെ വാരിയെടുത്തു. നിറയെ വെള്ളമുണ്ടായിരുന്ന കിണര്‍ പുല്ലു വളര്‍ന്ന് കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു. കുഞ്ഞിനെയുംകൊണ്ട് ഷൈജു ഒറ്റയ്ക്കുതന്നെ കിണറിനു മുകളിലെത്തി.
വിവരം അറിയിച്ചതനുസരിച്ച് കടയ്ക്കാവൂര്‍ പോലീസ് സ്ഥലത്തെത്തി. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ മനു, ബോധരഹിതനായ കുഞ്ഞിന് പ്രഥമശുശ്രൂഷ നല്‍കി. ഉടന്‍ ആംബുലന്‍സില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ രണ്ടുദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞശേഷം ഡിസ്ചാര്‍ജ് ചെയ്തു. കുഞ്ഞിനെ രക്ഷിച്ച ഷൈജുവിനെ കടയ്ക്കാവൂര്‍ പോലീസും നാട്ടുകാരും ആദരിച്ചു.

