റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്പട വീരാ; ഇന്റര്‍പോള്‍ അന്വേഷിക്കുന്ന ഫൈസലിന് പല മുഖങ്ങള്‍

July 16, 2020 - 11:37 am

തൃശൂര്‍: നാട്ടിലെ പെരുമാറ്റത്തില്‍ തനി സാധാരണക്കാരന്‍. ഇളയ മൂന്ന് സഹോദരങ്ങളുടെ പഠനവും സംരക്ഷണവും വിവാഹച്ചെലവുകളും ഏറ്റെടുത്തു നടത്തിയ ഫൈസല്‍ നാട്ടിലെ യുവാക്കള്‍ക്കു മാതൃകയായിരുന്നു. വാഹനം മെല്ലെ ഓടിക്കുന്ന, മുതിര്‍ന്ന ആളുകളെ ഏറെ ബഹുമാനിക്കുന്ന, കടംകൊണ്ട് പൊറുതിമുട്ടിയ, വീട് കടത്തില്‍ മുങ്ങിയതിനാല്‍ ജപ്തിഭീഷണി നേരിടുന്ന ഫൈസലിന് ഇങ്ങനെയൊരു മുഖം ഉണ്ടെന്നത് നാട്ടുകാരില്‍ അദ്ഭുതവും അമ്പരപ്പും സൃഷ്ടിക്കുകയാണ്.

പിതാവ് ഫരീദ് യുഎഇയില്‍ മുനിസിപ്പല്‍ ജീവനക്കാരനായിരുന്നു. പത്താംക്ലാസില്‍ തോറ്റതോടെ ഫൈസലിനെ പിതാവ് ഗള്‍ഫിലേക്കു കൊണ്ടുപോയി. അവിടെ പഠിക്കുന്നതിനിടെ അറബിയടക്കം പല ഭാഷകള്‍ വശമാക്കി. ഈ മികവ് ഉപയോഗപ്പെടുത്തി വന്‍കിട കമ്പനികളുടെ പിആര്‍ഒ ആയി ജോലിചെയ്തു.

10 വര്‍ഷം മുമ്പ് പിതാവ് ഫരീദ് നാട്ടില്‍ തിരിച്ചെത്തി. കാന്‍സര്‍ ബാധിതനായതോടെ പിതാവിനെ ഫൈസല്‍ ദുബൈയിലേക്കു കൊണ്ടുപോയി. കഴിഞ്ഞ മാര്‍ച്ച് 31ന് മരിച്ചു. കയ്പമംഗലം മൂന്നുപീടിക അങ്ങാടിയില്‍നിന്ന് അരക്കിലോമീറ്റര്‍ മാറി ബീച്ച് റോഡിലാണ് ഫൈസല്‍ പുതുതായി നിര്‍മിച്ച വീട്. പിതാവിന്റെ പേരിലുള്ള ഈ വീടും പറമ്പും പണയപ്പെടുത്തി സമീപത്തെ സഹകരണബാങ്കില്‍നിന്ന് എടുത്ത വായ്പ തിരിച്ചടച്ചിട്ടില്ല. ബാങ്ക് ജപ്തിനടപടി തുടങ്ങിയെങ്കിലും തന്റെ ദയനീയാവസ്ഥ വിവരിച്ച് ഫരീദ് നല്‍കിയ അപേക്ഷ പരിഗണിച്ച് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ഫൈസലിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധമില്ല. രാഷ്ട്രീയക്കാര്‍ ഒന്നും ശരിയല്ലെന്നേ നാവെടുത്താല്‍ ഫൈസല്‍ പറയൂ. എന്നാല്‍, അവരുമായി നല്ല സൗഹൃദം സൂക്ഷിക്കുകയും ചെയ്യും. നാട്ടിലെത്തിയാല്‍ പരമാവധി രണ്ടാഴ്ചയേ നില്‍ക്കാറുള്ളൂ. പഴയ സഹപാഠികള്‍ മാത്രമാണ് ഇപ്പോഴും സുഹൃത്തുക്കളായി ഉള്ളത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നുതുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഫൈസല്‍ അതെല്ലാം ചിരിച്ചുതള്ളി.

ആഡംബര കാറുകളുടെ വര്‍ക്ക്ഷോപ്പ് അടക്കമുള്ള ബിസിനസാണ് പുതുതായി ഫൈസല്‍ ഗള്‍ഫില്‍ തുടങ്ങിയത്. നാട്ടിലെത്തിയാല്‍ കാര്‍ വാടകയ്ക്കെടുത്തേ ഉപയോഗിക്കൂ. വിദേശത്ത് കാറോട്ടം ഹരമാണെങ്കിലും നാട്ടിലെത്തിയാല്‍ സാവധാനമാണ് ഡ്രൈവിങ്. ഇക്കഴിഞ്ഞ വരവില്‍ മഹീന്ദ്ര ജീപ്പ് വാങ്ങിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *